covid

കൊല്ലം: ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതർ 53 ആയി. കരുനാഗപ്പള്ളി പാവുമ്പ നോർത്ത് സ്വദേശിയായ 31കാരൻ, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരായ രണ്ട് വനിതകൾ, കടയ്ക്കൽ മിഷൻകുന്ന് സ്വദേശിയായ 36 കാരൻ,​ കൊല്ലം പള്ളിമുക്ക് സ്വദേശിയായ 81കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ 31 കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ്. മേയ് 13 മുതൽ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊവിഡ് കെയർ സെന്ററിൽ ജോലി ചെയ്തിരുന്നു. അവിടെ നിരീക്ഷണത്തിൽ കഴിയവേ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുമായി അടുത്ത് ഇടപഴകിയിരുന്നു. ഇവരിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് കരുതുന്നു.
രോഗം സ്ഥിരീകരിച്ച കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരിൽ ഒരാൾ അഞ്ചൽ നെടിയറ സ്വദേശിനിയും രണ്ടാമത്തെയാൾ കടയ്ക്കൽകാരിയുമാണ്.
കടയ്ക്കൽ മിഷൻകുന്ന് സ്വദേശിയായ 36കാരന് മർച്ചന്റ് നേവിയിലാണ് ജോലി. മേയ് ഒന്ന് മുതൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. മെയ് 16 മുതൽ 30 വരെ പലതവണ അടുത്തുള്ള സൂപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
പള്ളിമുക്ക് ചകിരിക്കട സ്വദേശിയായ വയോധികൻ ശ്വാസകോശ രോഗത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിടുത്തെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. ബാക്കി നാലുപേരും പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.