udai
ഉദയ് കിരൺ

 സംഘത്തലവൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൊല്ലം: കാപ്പാക്കേസ് പ്രതിയടക്കം പത്തംഗ ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. വടക്കുംഭാഗം പുള്ളിക്കട പുതുവൽ പുരയിടത്തിൽ മുരുകൻ - അനിത ദമ്പതികളുടെ മകൻ കിച്ചു എന്ന് വിളിക്കുന്ന ഉദയകിരണാണ് (25) മരിച്ചത്. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് നഗറിൽ ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. മൂന്ന് തവണ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആശ്രാമം ലക്ഷ്മണ നഗറിൽ മൊട്ട വിഷ്ണു, ലക്ഷ്മണ നഗർ 64ൽ ജിതിൻ, കിളികൊല്ലൂർ ചേരി ക്ഷേത്ര നഗർ 63ൽ ശരൺ, ഉളിയക്കോവിൽ നഗർ 3 പടിഞ്ഞാറ്റതിൽ വീട്ടിൽ വിഷ്ണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘം ആദ്യം ഉദയകിരണിന്റെ പിതാവിന്റെ സഹോദരിയുടെ മകനായ പ്രകാശിനെ മർദ്ദിച്ചു. ഈ സമയം ബൈക്കിൽ വീട്ടിലെത്തിയ ഉദയകിരണിനെ മൊട്ടവിഷ്ണു കത്തി കൊണ്ട് രണ്ടുതവണ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു.

ആദ്യം നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നാലോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സെപ്റ്റിക് ടാങ്ക് ശുചീകരണ കരാറുകാരനായിരുന്നു ഉദയകിരൺ. സഹോദരി: ഉദയഗീതു.

സംഘർഷത്തിൽ പരിക്കേറ്റ മൊട്ട വിഷ്ണു സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് മാസം മുൻപാണ് ജയിൽ മോചിതനായത്. കൊലയ്ക്ക് പിന്നാലെ ഒരു സംഘമാളുകൾ മൊട്ട വിഷ്ണുവിന്റെ വീട് കയറി ആക്രമിച്ചു. പിന്നാലെ മറ്റൊരു സംഘം ഉദയകിരണിന്റെ സുഹൃത്തിനെയും ആക്രമിച്ചു.