നാടാകെ തരിശ് ഭൂമികളിൽ അദ്ധ്വാനത്തിന്റെ പച്ചപ്പ്
കൊല്ലം: ലോക്ക് ഡൗൺ ദുരിതകാലത്ത് വീട്ടുമുറ്റത്ത് അതിജീവനത്തിന്റെ ഒരു പച്ചക്കറി തൈയെങ്കിലും വച്ചുപിടിപ്പിക്കാത്ത കുടുംബങ്ങൾ കുറവാണ്. ആവശ്യമായ പച്ചക്കറികളും മുട്ടയും വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുക കൂടി ചെയ്‌തതോടെ നാടാകെ പുതിയൊരു കാർഷിക വിപ്ലവത്തിനൊരുങ്ങുകയാണ്.
സുഭിക്ഷ കേരളമെന്ന സർക്കാർ പദ്ധതിയുടെ പ്രഖ്യാപനത്തോടെ തരിശ് ഭൂമികളെല്ലാം മനുഷ്യാധ്വാനത്തിന്റെ വിയർപ്പ് വീണ് പച്ചപ്പിലേക്ക് തളിർക്കുകയാണ്. യുവാക്കൾ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ, കർഷക സംഘടകൾ, യുവജന സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വൈവിധ്യ മേഖലകളിലുള്ളവർ കൃഷി ചെയ്യാൻ തുടങ്ങിയെന്നതാണ് ലോക്ക് ഡൗൺ കാലത്തിന്റെ പ്രത്യേകത.
തരിശ് ഭൂമികളെല്ലാം ഉഴുതുമറിച്ച് കൃഷിയിറക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാട്ടിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ കരനെൽകൃഷിക്കായി പലയിടത്തും വിത്തെറിഞ്ഞു. പരമ്പരാഗത രീതിയിൽ കലപ്പ ഉപയോഗിച്ചാണ് നിലമൊരുക്കിയത്. പച്ചക്കറി, വാഴ, മരച്ചീനി, ചീര, എള്ള്, മഞ്ഞൾ, ഇഞ്ചി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി എല്ലാ കാർഷിക വിളകളും ജില്ലയിൽ വൻ തോതിൽ മുളപൊട്ടി തുടങ്ങി. തൊഴിൽ രഹിതരായ യുവാക്കളുടെയും യുവതികളുടെയും കൂട്ടായ്മകൾ വ്യാവസായിക ലക്ഷ്യത്തോടെ കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചതും പ്രതീക്ഷ നൽകുന്നു.
വിറ്റഴിക്കാൻ വിപണി വേണം
ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കൂടുതൽ ഫലപ്രദമായ വിപണികൾ ഇല്ലാത്തത് പലപ്പോഴും ഗ്രാമീണ കർഷകരെ വലച്ചിട്ടുണ്ട്. കൃഷിയിടത്തിൽ തന്നെ കച്ചവട കേന്ദ്രം തുറക്കാൻ മിക്കവർക്കും കഴിയാറില്ല. വി.എഫ്.പി.സി.കെയുടെ പ്രാദേശിക വിപണികൾ കർഷകർക്ക് ആശ്വാസമാണെങ്കിലും കൃഷി വ്യാപകമാകുമ്പോൾ കൂടുതൽ വിപണികളും വേണം. കൃഷിയെ ജീവിത മാർഗമാക്കാൻ ശ്രമിക്കുന്ന യുവാക്കൾ വിപണിയും ഉൽപ്പന്നങ്ങൾക്ക് വിലയുമില്ലാതെ ദുരിതത്തിലാകുന്ന സാഹചര്യം ഉണ്ടാകരുത്.
പച്ചപ്പിലേക്ക് പുതുനാമ്പുകൾ
1. സഹായങ്ങൾക്ക് കൃഷി ഭവനുകളെ സമീപിക്കാം
2. കർഷകർക്ക് വിവിധ സർക്കാർ സബ്സിഡി
3. വി.എഫ്.പി.സി.കെയുടെ വിപണികളിൽ ഉൽപ്പന്നങ്ങൾ വിൽക്കാം
4. പ്രാദേശിക സംഭരണത്തിന് ഹോർട്ടികോർപ്പ് തയ്യാറാകണം
5. മത്സ്യകൃഷി സബ്സിഡികൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നറിയാം
''
ഒരേക്കറിൽ കര നെൽകൃഷി തുടങ്ങി. പരമ്പരാഗത ജൈവ രീതിയാണ് പരീക്ഷിക്കുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും.
എസ്.സുധീർഷാ, സെക്രട്ടറി
ഡിവൈ.എഫ്.ഐ മൈനാഗപ്പള്ളി കിഴക്ക് മേഖലാ കമ്മിറ്റി