സൈലന്റ് വാലിയില്‍ ഗര്‍ഭിണി ആനയെ പൈനാപ്പിളില്‍ സ്‍ഫോടക വസ്‍തു നിറച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി അനുഷ്‍ക ശര്‍മ്മ. ആനയെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായി അനുഷ്‍ക ശര്‍മ്മ പറഞ്ഞു.
ഗുരുതരമായി അപകടം പറ്റിയിട്ടും ആ ആന ഒരു മനുഷ്യനെ ആക്രമിക്കുകയോ വീട് തകര്‍ക്കുകയോ ഉണ്ടായിട്ടില്ല. ഒരു തെരുവ് പട്ടിയെ ഉപദ്രവിച്ചാല്‍ ചിലപ്പോള്‍ അത് തിരിച്ചു ആക്രമിക്കാന്‍ ശ്രമിക്കും. പക്ഷേ മനുഷ്യരുടെ സഹായം മുമ്പ് കിട്ടിയ മൃഗങ്ങള്‍ മനുഷ്യനെ വിശ്വസിച്ചെന്നുവരും. ഇത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്ത ക്രൂരതയാണ്. ദയ ഇല്ലാതാകുമ്പോൾ മനുഷ്യന്‍ ആ പേരില്‍ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ടാകില്ല. മറ്റൊരാളെ വേദനിപ്പിക്കുന്നവന്‍ മനുഷ്യനല്ല. ആവശ്യത്തിനെത്താത്ത നിയമം കൊണ്ട് കാര്യമില്ല. നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ ആരും നിയമത്തെ ഭയക്കില്ല. ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും അനുഷ്‍ക ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ 27നാണ് സ്‍ഫോടക വസ്‍തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വെച്ച് ആന ചെരിഞ്ഞത്. ഗര്‍ഭിണിയായിരുന്നു ആന. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്‍ണന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.