കൊല്ലം: വെളിയം പരുത്തിയറയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ടു പേരെക്കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇളമാട് വാളിയോട് തണ്ണേറ്റ് പുത്തൻവീട്ടിൽ രതീഷ് (37), പുരമ്പിൽ പ്രശാന്ത് വിലാസത്തിൽ പ്രശാന്ത് (45) എന്നിവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി വെട്ടാശേരിയിൽ വീട്ടിൽ രാജു ( രാജേന്ദ്രൻ - 46) ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരുത്തിയറ സ്വദേശികളായ ഹരിദാസ്, രാജീവ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യമാണ് സംഘട്ടനത്തിന് കാരണം. കഴിഞ്ഞ 29ന് വൈകിട്ട് 5നായിരുന്നു സംഭവം.
പരുത്തിയറ ചൂരക്കാവിന് സമീപം രാജു, രതീശ്, പ്രശാന്ത് എന്നിവരുൾപ്പെട്ട സംഘം രാജീവുമായും ഹരിദാസുമായും അടിപിടിയുണ്ടാക്കിയിരുന്നു. തുടർന്ന് രാജുവിനും ( രാജേന്ദ്രൻ) ഹരിദാസിനും സാരമായി പരിക്കേറ്റു. ഇരു സംഘവും പൂയപ്പള്ളി പൊലീസിൽ പരാതിയും നൽകി. ഇരുവിഭാഗത്തിലുമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. രതീഷിനെയും പ്രശാന്തിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.