simran

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി സിമ്രന്‍ തമിഴ് സിനിമയില്‍ വീണ്ടും സജീവമായിരിക്കുയാണ്..അടുത്തിടെ സിമ്രന്‍ ചന്ദ്രമുഖി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിമ്രന്‍ വാര്‍ത്ത നിഷേധിച്ചു. ആരാധകരെ നിരാശപ്പെടുത്തുന്നതില്‍ സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമില്ല. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി എന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചിത്രത്തില്‍ ഞാനില്ല- സിമ്രന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. രജനികാന്ത്, പ്രഭു, ജ്യോതിക, നയന്‍താര, വിനീത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി .. വാസു സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രമുഖി. മലയാളത്തില്‍ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥയെ ആസ്പദമാക്കി പല മാറ്റങ്ങളും വരുത്തി റിലീസ് ചെയ്ത ചന്ദ്രമുഖി തമിഴില്‍ വന്‍ വിജയമായിരുന്നു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. ചന്ദ്രമുഖിയായി അഭിനയിക്കാന്‍ ജ്യോതികയെ തന്നെ സമീപിച്ചു എന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ ജ്യോതിക പിന്മാറിയ സാഹചര്യത്തില്‍ സിമ്രന്‍ ചന്ദ്രമുഖിയായി വരുന്നു എന്നായിരുന്നു പുതിയ വാര്‍ത്ത. എന്നാൽ നര്‍ത്തകി സിമ്രനെയായിരുന്നു ചന്ദ്രമുഖിയുടെ ഒന്നാം ഭാഗത്തിന് വേണ്ടി ആദ്യം സമീപിച്ചിരുന്നത്. പിന്നീട് ആ അവസരം ജ്യോതികയില്‍ എത്തുകയായിരുന്നു.