വിൽപ്പന കുറഞ്ഞതോടെ വില ഉയർന്നു
കൊല്ലം: വില്പന കുറഞ്ഞതോടെ ഒരുമാസം മുൻപ് കുത്തനെ ഇടിഞ്ഞ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ആവശ്യം വർദ്ധിച്ചതിനൊപ്പം കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവർദ്ധനവിന്റെ കാരണമായി കച്ചവടക്കാർ പറയുന്നത്.
തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ വിലയിലാണ് വലിയ വർദ്ധനവ് ഉണ്ടായത്. ഒരുമാസം മുൻപ് കിലോയ്ക്ക് 25 രൂപയ്ക്ക് കിട്ടിയിരുന്ന പച്ചമുളകിന് ഇപ്പോൾ 55 രൂപയാണ്. ബീൻസ് അടക്കം ചില ഇനങ്ങളുടെ വില കുറഞ്ഞിട്ടുമുണ്ട്. തമിഴ്നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ വള്ളിപ്പയറും പടവലം അടക്കമുള്ള ചില ഇനങ്ങൾ അഴുകിത്തുടങ്ങിയതിനാൽ വ്യാപാരികൾ മടക്കി അയച്ചു. നാടൻ പയർ നേരത്തെ പച്ചക്കറി കടകളിൽ സുലഭമായിരുന്നെങ്കിലും ഇവിടെ മഴ തുടങ്ങിയതോടെ ഇപ്പോൾ എത്തുന്നില്ല.
ലോക്ക് ഡൗണിന്റെ ആദ്യദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ വില കുത്തനെ ഉയർന്നിരുന്നു. പിന്നീട് ലോറികൾ വന്ന് തുടങ്ങിയെങ്കിലും വാങ്ങാൻ ആളില്ലാതെ വന്നതോടെ കടകളിൽ പച്ചക്കറി അഴുകിത്തുടങ്ങി. ഇതോടെ ഇടിഞ്ഞ വിലയാണ് ഇപ്പോൾ വീണ്ടും ഉയരുന്നത്.
പ്രാദേശിക ഉല്പാദനം ഇടിഞ്ഞു
കഴിഞ്ഞ ഒരുമാസമായി പെയ്യുന്ന തുടർച്ചയായ മഴയിൽ പ്രാദേശിക ഉല്പാദനം കുറഞ്ഞതും വിലവർദ്ധനവിന് കാരണമാണ്. വള്ളിപ്പയർ, വെള്ളരി, തടിയൻകാ, മത്തൻ, ചുരയ്ക്ക എന്നിവയാണ് പ്രദേശികമായ വലിയ അളവിൽ വിളവെടുത്തിരുന്നത്. വിവിധ സർക്കാർ ഏജൻസികളുടെ ഔട്ട്ലെറ്റിൽ പോലും നാടൻ ഇനങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.
ഇനം, നേരത്തെയുള്ള വില, ഇപ്പോഴത്തെ വില
തക്കാളി- 20, 32
പച്ചമുളക്- 25, 55
കാരറ്റ്-40, 44
ഉരുളൻ കിഴങ്ങ്- 32, 34
വെണ്ടയ്ക്ക-18, 24
പടവലം- 24,32
ബീറ്റ്റൂട്ട്- 32, 48