maradon

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. പൊണ്ണത്തടിയനായ മറഡോണ ടെന്നീസ് ബോള്‍ തട്ടുന്നുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ചിരുന്നു. പലരും ഞെട്ടല്‍ അറിയിച്ച് രംഗത്തു വരികയും ചെയ്തു.

ഇത് ഡിയേഗോ മറഡോണ തന്നെയോ, ഇത് അദ്ദേഹമാണെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഞെട്ടിപ്പോയി (പഴയ ടച്ച് ഇപ്പോഴും കൈവിട്ടിട്ടില്ല) എന്നായിരുന്നു ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്‌സിയുടെ ഉടമ രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ സൈബര്‍ ലോകത്തെ പല കള്ളത്തരങ്ങളില്‍ ഒന്നാണ് ഈ വിഡിയോ എന്ന് പോസ്റ്റ് ചെയ്തവര്‍ ഇതു വരെ മനസ്സിലാക്കിയിട്ടില്ല.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മറഡോണ അല്ലെന്ന് ആരും പറയില്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളില്‍ വസ്തുതകള്‍ സൂക്ഷിച്ചു പങ്കു വയ്ക്കുന്നവര്‍ക്കു പോലും ഇത്തവണ അബദ്ധം പറ്റി. കാണാന്‍ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും വിഡിയോയിലെ കക്ഷി യഥാര്‍ഥ മറഡോണ അല്ല. യൂത്ത് എന്ന ഹോളിവുഡ് സിനിമയില്‍ മറഡോണയുമായി സാമ്യമുള്ള ഒരു സാങ്കല്‍പ്പിക കഥാപാത്രമുണ്ട്.

ഈ നടന്‍ പന്ത് തട്ടുന്ന രംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.. മറഡോണയായി ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതാകട്ടെ അര്‍ജന്റീനക്കാരനായ നടന്‍ റോളി സെറാനോയും. 2015-ലിറങ്ങിയ യൂത്ത് എന്ന ചിത്രം ഒരു റിസോര്‍ട്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ആ സിനിമയിലെ രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരില്‍ ആളുകള്‍ പങ്കു വയ്ക്കുന്നതും.ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയെല്ലാം മറഡോണ ടെന്നീസ് ബോള്‍ കളിക്കുന്നുവെന്ന തെറ്റായ തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഡിസ്‌ക്രിപ്ഷനില്‍ ഇതു യൂത്തെന്ന സിനിമയിലെ രംഗമാണെന്നു പരാമര്‍ശിക്കുന്നുണ്ടെങ്കിലും തലക്കെട്ട് മാത്രമേ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുന്നുള്ളൂ.