dam
കാലവർഷം ശക്തമായിട്ടും ജല നിരപ്പ് ഉയരാത്ത തെന്മല പരപ്പാർ അണക്കെട്ട്

 തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരാത്തതിൽ ആശങ്ക

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കാലവർഷം ശക്തമായിട്ടും തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എന്നാൽ അണക്കെട്ടിനോട് ചേർന്ന വനമേഖലകളിൽ നീരൊഴുക്ക് വർദ്ധിച്ചിട്ടില്ല.

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അണക്കെട്ട് വരണ്ട് കിടക്കുകയായിരുന്നു. ശക്തമായ മഴ ലഭിച്ചിട്ടും 97.82 മീറ്റർ ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്.115.82 മീറ്റർ പൂർണ സംഭരണ ശേഷിയാണ് ഉള്ളത്. അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിലെ ഒരു ജനറേറ്റർ മാത്രമാണ് പ്രവത്തിക്കുന്നത്. രണ്ട് ജനറേറ്ററുകളിൽ ഒരെണ്ണം തകരാറിലായിട്ട് രണ്ടുവർഷം പിന്നിടുന്നു. രണ്ട് ജനറേറ്ററുകൾ വഴി 15 മെഗാവാൾട്ട് വൈദ്യുതിയാണ് ദിവസവും ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോഴത് 7.5 മെഗാവാൾട്ടായി താഴ്ന്നു. ഇത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ദിവസവും വൈദ്യുതി ബോർഡിന് ഉണ്ടാകുന്നത്.

കാലവർഷ സമയത്ത് രണ്ട് ജനറേറ്ററുകൾ വഴി പൂർണതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നതാണ്. എന്നാൽ തകരാറിലായ ജനറേറ്ററിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്നലത്തെ ജലനിരപ്പ്: 97.82 മീറ്റർ

സംഭരണശേഷി: 115.82 മീറ്റർ

ജനറേറ്ററുകൾ: 2

(ഒരെണ്ണം പ്രവർത്തനരഹിതം)

കേടായിട്ട്: 2 വർഷം

വൈദ്യുതി ഉത്പാദനം: 15 വാട്ട്

ഇപ്പോൾ: 7.5 വാട്ട്

''

വൈദ്യുതി ഉൽപ്പാദനം പൂർണതോതിൽ ആരംഭിക്കാൻ കഴിയാത്തത് ബോർഡിന് വൻ നഷ്ടമാണ് വരുത്തുന്നത്. രണ്ടവർഷമായി ഈ അവസ്ഥ തുടരുന്നു.

വൈദ്യുതി ബോർഡ്