cashew

 മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഇന്ന് ഉദ്ഘാടനം ചെയ്യും

കൊല്ലം: കശുമാവ് കൃഷി വ്യാപനം ലക്ഷ്യമിട്ട് കാഷ്യൂ കോർപ്പറേഷൻ രണ്ട് ലക്ഷം കശുമാവിൻ തൈകൾ നട്ടു പിടിപ്പിക്കുമെന്ന് ചെയർമാൻ എസ്. ജയമോഹൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 11ന് കോർപ്പറേഷന്റെ കൊട്ടിയം ഫാക്‌ടറി വളപ്പിലും വൈകിട്ട് കൊല്ലം സി.എസ്.ഐ ബിഷപ്പ് ഹൗസ് പരിസരത്തും കശുമാവ് തൈ നട്ട് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം നാടൻ തോട്ടണ്ടി ഉപയോഗിച്ച് 250 ദിവസവും ഫാക്ടറികൾ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ ഫാക്ടറികൾക്കും പ്രവർത്തിക്കാൻ ആവശ്യമായ നാടൻ തോട്ടണ്ടി ഉൽപ്പാദിക്കുകയെന്ന ലക്ഷ്യം കഴിഞ്ഞ നാല് വർഷത്തിനിടെ 50 ശതമനം പൂർത്തീകരിക്കാനായി. 80,000 മെട്രിക് ടൺ കശുഅണ്ടി ഉൽപ്പാദിപ്പിച്ചിരുന്ന കേരളത്തിൽ ഇതുവരെ ലഭിച്ച കണക്കനുസരിച്ച് 1.20 ലക്ഷം മെട്രിക് ടൺ തോട്ടണ്ടിയാണ് ഉൽപ്പാദിപ്പിച്ചത്. കണ്ണൂരിൽ നിന്ന് മാത്രം 30 കോടി രൂപയുടെ തോട്ടണ്ടി സംഭരിച്ചു.

വാർത്താ സമ്മേളനത്തിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്‌ണൻ, ഡയറക്ടർ ബോർ‌ഡംഗങ്ങളായ ജി.ബാബു, സജി.ഡി.ആനന്ദ്, ആർ.സഹദേവൻ എന്നിവർ പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ

 തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ ടി.വി ലഭ്യമാക്കും

 തൊഴിൽ ദിനങ്ങൾ അറിയാൻ വർക്ക് കലണ്ടർ പ്രസിദ്ധീകരിക്കും

 തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കും

 കാൻസർ ബാധിതരായി തൊഴിലാളികൾക്ക് ധനസഹായം

 ഈ വർഷം ആയിരം തൊഴിലാളികളെ കൂടി ജോലിക്കെടുക്കും.

 ജൂബിലി സ്മാരക മന്ദിരങ്ങളായി 10 ഫാക്ടറികൾ കൂടി സമർപ്പിക്കും

 കോർപ്പറേഷന്റെ 30 ഫാക്ടറികളിലെ 50 ഏക്കർ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതി

 പച്ചക്കറി കൃഷിയിലൂടെ നാല് വർഷത്തിനിടെ 67 ലക്ഷം രൂപയുടെ വ്യാപാരം