കൊല്ലം: പെൺമനസുകളുടെ മട്ടുപ്പാവിൽ പ്രതീക്ഷയുടെ വിത്തുകൾ മുളപ്പിച്ച മഞ്ജുവാര്യരുടെ 'ഹൗ ഓൾഡ് ആർ യു' എന്ന ചലച്ചിത്രത്തിലേതുപോലെ കൊട്ടാരക്കര കുളക്കടയിലുണ്ട് ഒരു നിരുപമ. പേര് സാലി മനോജ്. മഞ്ജുവാര്യരുടെ മറ്റൊരു ചിത്രം കണ്ടവർ സാലിയെ ചൂണ്ടിപ്പറയുന്നത് 'ഉദാഹരണം സാലി' എന്നാണ്.
വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ടെറസിൽ ഉത്പാദിപ്പിച്ച് സാലി തുടങ്ങിയ ഹരിത വിപ്ളവം ഇന്ന് 25 സെന്റ് ഭൂമിയിൽ പച്ചപിടിച്ച് നിൽക്കുന്നു. കുളക്കട മുഹൂർത്തിക്കാവ് കാർത്തികയിൽ സാലി മനോജ് (44) ആറ് വർഷം മുൻപാണ് 'ഹൗ ഓൾഡ് ആർ യു' സിനിമ കണ്ടത്. മൂന്നു വർഷത്തിനുശേഷം ടി.വിയിൽ വീണ്ടും കണ്ടപ്പോഴാണ് മട്ടുപ്പാവ് കൃഷി തുടങ്ങാൻ തീരുമാനിച്ചത്. കൃഷിവകുപ്പിന് കീഴിലുള്ള പന്തളം ഫാമിലെ ഉദ്യോഗസ്ഥനായ ഭർത്താവ് മനോജും പ്രോത്സാഹനവുമായി ഒപ്പം കൂടി. വെണ്ടയും ചീരയും തക്കാളിയും പാവലും പടവലവും കോളി ഫ്ളവറും കാബേജുമടക്കം മിക്ക പച്ചക്കറികളും ടെറസ് നിറയെ വിളഞ്ഞുനിൽക്കുന്നു.
അടുക്കളയ്ക്കു വേണ്ടതെടുത്ത് കഴിഞ്ഞാൽ ചില്ലറ വില്പനയുമുണ്ട്. പച്ചക്കറി, ഫലവൃക്ഷ തൈകൾ, കുറ്റി കുരുമുളക് എന്നിവ ഉത്പാദിപ്പിച്ച് വില്ക്കുന്ന യൂണിറ്റും ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആറുലക്ഷം തൈകൾ വിതരണം ചെയ്തു. സ്കൂളുകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ വഴിയും പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളും തൈകൾ തേടിയെത്തിയതോടെ എവിടെ നിന്നും ഓർഡറെടുത്ത് തുടങ്ങി.
''നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് കൃഷിയുടെ ലോകത്തെത്തിയത്. സദാനന്തപുരം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് നഴ്സറി മാനേജ്മെന്റിന്റെ പരിശീലനം ലഭിച്ചു. കൂട്ടുകാരി ജെയ്സി അച്ചൻകുഞ്ഞാണ് വലിയ പ്രോത്സാഹനം.
-സാലി