ചവറ: ചവറ പട്ടത്താനം സൊസൈറ്റി മുക്കിനു സമീപം ചാമക്കാല കിഴക്കതിൽ രാജേഷ് - അംബിക ദമ്പതികൾക്ക് വീട് നിർമ്മിച്ച് നൽകി സേവാഭാരതി മാതൃകയായി. രാജേഷിനും ഭാര്യ അംബികയ്ക്കും മൂന്ന് കുട്ടികൾക്കും ഇനി സ്വന്തം വീട്ടിൽ ഉറങ്ങാം. 30 സേവാഭാരതി പ്രവർത്തകരാണ് വീട് പണി പൂർത്തീകരിച്ചത്. ചവറയിലെ സേവാഭാരതി പ്രവർത്തകർ മൂന്ന് വർഷം മുൻപുള്ള ഓണക്കാലത്ത് സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് എത്തിയപ്പോഴാണ് തകർന്നുവീണ കൂരയിൽ കഴിയുന്ന അംബികയുടെയും കുടുംബത്തിന്റെയും ദുരിതം നേരിട്ട് കണ്ടത്. അവിടെവെച്ചു തന്നെ സൗകര്യപ്രദമായ വീട് നിർമ്മിച്ചു കൊടുക്കാമെന്ന് സേവാഭാരതി പ്രവർത്തകർ തീരുമാനമെടുത്തു. വീടിന്റെ താക്കോൽദാനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ബാബുക്കുട്ടൻ, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് മുരളി, മറ്റ് സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.