# പ്രതിയായ സുഹൃത്ത് കീഴടങ്ങി
അഞ്ചാലുംമൂട്: അത്താഴം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സുഹൃത്ത് അടിച്ചുകൊന്നു. തൃക്കടവൂർ, കുരീപ്പുഴ, തണ്ടേക്കാട് കോളനി കലാരഞ്ജിനി നഗർ 147 ൽ മാർസലിന്റെ മകൻ ജോസ് മാർസലിനാണ് (35) കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ കലാരഞ്ജിനി നഗർ -102 ൽ ശിവപ്രശാന്ത് (30) അഞ്ചാലുംമൂട് പൊലീസിൽ കീഴടങ്ങി. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്.
പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി പത്തോടെ ജോസിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു കൊലപാതകം. രാത്രിയിൽ ഒരുമിച്ച് മദ്യപിക്കവേ ജോസും ശിവപ്രശാന്തും തമ്മിൽ തർക്കമുണ്ടായി.
ഭിന്നലിംഗക്കാരനായ യുവാവുമായി ശിവപ്രശാന്തിനുണ്ടായ സൗഹൃദത്തെ ജോസ് പരിഹസിച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ശിവപ്രശാന്ത് മൊഴി നൽകി.
പിന്നീട് ഇരുവരും വീടുകളിലേക്ക് പോയെങ്കിലും പത്തോടെ ശിവപ്രശാന്ത് തിരികെയെത്തി ജോസിനെ പുറത്തേക്ക് വിളിച്ചു. ജോസ് റോഡിലേക്കിറങ്ങിയതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമായി.
രണ്ടുതവണ ജോസിന്റെ തലയിൽ അടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. ജോസ് കുഴഞ്ഞുവീണതോടെ ശിവപ്രശാന്ത് ഫോണിൽ ആരോടോ സംസാരിച്ച് നടന്നുപോവുകയും ചെയ്തു. കുഴഞ്ഞുവീണ ജോസിനെ പ്രദേശവാസികൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് മരിച്ചതറിഞ്ഞ ശിവപ്രശാന്ത് രാത്രിതന്നെ ഒളിവിൽ പോയെങ്കിലും ഇന്നലെ രാവിലെ പത്തുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. അൽഫോൺസയാണ് മാതാവ്. ഭാര്യ: സോണി. മകൾ: വിസ്‌മയ.