അഞ്ചൽ: ഉത്രയുടെ മരണത്തിന് മുമ്പോ ശേഷമോ ഏതെങ്കിലും തരത്തിലുള്ള സഹായം സുഹൃത്തുക്കളിൽ നിന്ന് സൂരജിന് ലഭിച്ചിരുന്നോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. സൂരജിന്റെ സഹോദരി ആവശ്യപ്പെട്ട പ്രകാരമാണ് സൂരജിനെ കുടുംബ സുഹൃത്തായ ആൾ അറസ്റ്റിന് മുമ്പ് സംരക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എറാണാകുളത്തെ പ്രമുഖ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ മുൻ ജീവനക്കാരനായ ഇദ്ദേഹം അടൂരിൽ സൂരജുമായി ഒന്നിച്ചു പഠിക്കുമ്പോഴാണ് സഹോദരിയുമായി പരിചയപ്പെടുന്നത്. ഈ വിവരങ്ങൾ ഇയാൾ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അഞ്ചൽ സ്വദേശികളായ രണ്ടുപേർക്കൊപ്പമാണ് ദീർഘകാലം ഗൾഫിൽ കഴിഞ്ഞത്. ഉത്രയുടെ മരണശേഷം കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഈ സുഹൃത്തുക്കളുടെ സഹായം സുരേന്ദ്രൻ തേടിയിരുന്നു. മുൻ പഞ്ചായത്തംഗവും പൊതു പ്രവർത്തകനുമായ ഒരാളുമായി ബന്ധപ്പെട്ട് കുട്ടിയെ സൂരജിന്റെ കുടുംബത്തിന് വിട്ടുകിട്ടാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ ഇയാൾ പൊലീസുമായി ബന്ധപ്പെട്ടശേഷം നിയമപരമായി മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ചിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഉത്രയുടെ കുടുംബം സമ്പന്നരാണെന്ന് സൂരജിന്റെ കുടുംബാംഗങ്ങൾ പലപ്പോഴും നാട്ടുകാരോട് പറയുമായിരുന്നുവെങ്കിലും പിന്നീട് നാട്ടുകാരിൽ നിന്ന് അകലംപാലിക്കാൻ കുടുംബം ശ്രദ്ധിച്ചിരുന്നു.