കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അറ്റകുറ്റപണിക്കായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച ഭാഗം കോൺക്രീറ്റിട്ട് ഉറപ്പിക്കാത്തത് യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. രണ്ടാഴ്ച മുൻപാണ് വാട്ടർ അതോറിറ്റി കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിനു മുകളിൽ റെയിൽവേ സ്റ്റേഷൻ - കണിയാംകോണം ഭാഗത്തേക്കുള്ള കണക്ഷൻ റോഡിനോട് ചേർന്ന് ഇരുപത് അടി താഴ്ചയിൽ കുഴിച്ച് അറ്റകുറ്റപ്പണി നടത്തിയത്. നവീകരണം പൂർത്തിയായതോടെ ഇവിടെ മണ്ണിട്ട് ഉറപ്പിച്ച് മുകളിൽ മെറ്റലും നിരത്തി. അപകട സൂചനയ്ക്കായി മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.
എന്നാൽ രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾക്കാണ് റോഡ് വാരിക്കുഴിയാകുന്നത്. പല വാഹനങ്ങളും ഇവിടുത്തെ പച്ചമണ്ണിൽ പുതഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചാലുംമൂട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വൈക്കോലെടുക്കാൻ പോയ ലോറി പുതഞ്ഞിരുന്നു. കാലിവണ്ടി ആയതിനാൽ താഴ്ചയിലേക്കു മറിഞ്ഞില്ല. വൻ അപകടമാണ് ഇതിലൂടെ ഒഴിവായത്.
..............................
സദാ തിരക്കേറിയ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ശേഷം ടാറിംഗ് നടത്തണം. ദേശീയപാതാ വിഭാഗമോ വാട്ടർ അതോറിറ്റിയോ അടിയന്തിരമായി പ്രശ്ന പരിഹാരമുണ്ടാക്കണം
നാട്ടുകാർ