navas
കാത്തിരിപ്പു കേന്ദ്രങ്ങളിലെ സമരങ്ങൾ

ശാസ്താംകോട്ട: താലൂക്ക് ആസ്ഥാനത്തെ കാത്തിരിപ്പുകേന്ദ്രം സ്ഥിരം സമരവേദിയാക്കുന്നതായി ആക്ഷേപം. ശാസ്താംകോട്ട ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവേദിയായി ഉപയോഗിക്കുന്നത്. സമരക്കാർ കാത്തിരിപ്പുകേന്ദ്രം കൈയേറിയതോടെ യാത്രക്കാർ പുറത്ത് നിൽക്കേണ്ട സ്ഥിതിയാണ്. ഫാനും, മൊബൈൽ റീചാർജിംഗ് സംവിധാനവും ലഭ്യമായ കാത്തിരിപ്പു കേന്ദ്രം സമരകേന്ദ്രമാക്കി മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ നടപടിക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണ് സമരക്കാർ കൈയേറിയിരിക്കുന്നത്.