uthra

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ്, പിതാവ് സുരേന്ദ്രൻ.കെ.പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒന്നിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനം. രാവിലെ 10ന് കൊട്ടാരക്കരയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ രേണുകയോടും സൂര്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തമായ തെളിവുകൾ ലഭിച്ചാൽ രേണുകയുടെയും സുര്യയുടെയും അറസ്റ്റ് ഉണ്ടായേക്കും.

ചൊവ്വാഴ്ച ഇവരെ 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിൽ അണലിയെ കൊണ്ടുവന്നത് കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന് സൂരജും പിതാവ് സുരേന്ദ്രനും വെളിപ്പെടുത്തിയിരുന്നു. പിന്നീട് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിലും സൂരജിന്റെ വീട്ടിലെ മറ്റുള്ളവർക്ക് അറിവുണ്ടായിരുന്നോ എന്നതാണ് അന്വേഷണ സംഘം തിരയുന്നത്. സൂരജിനെയും അച്ഛൻ സുരേന്ദ്രനെയും ജൂൺ 8 വരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ട് പുനലൂർ കോടതി ഉത്തരവായി. മുന്നാം തവണയാണ് സൂരജിന്റെ കസ്റ്റഡി നീട്ടുന്നത്. സുരേന്ദ്രന്റേത് രണ്ടാം തവണയും. നാലുപേരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
സൂരജിന്റെ പണമിടപാടെല്ലാം സുരേന്ദ്രനറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ,അറിയില്ലെന്നാണ് സുരേന്ദ്രൻ ആവർത്തിക്കുന്നത്.