tree

 വനത്തിനുള്ളിൽ 40,000 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും

കൊല്ലം: കൊല്ലത്തിന് പച്ചപ്പിന്റെ തണലൊരുക്കാൻ വനം വകുപ്പ് തയ്യാറാക്കിയത് 4.4 ലക്ഷം വൃക്ഷ തൈകൾ. വനം വകുപ്പിന്റെ ജില്ലയിലെ ഏഴ് നഴ്സറികളിലാണ് വൃക്ഷത്തൈകൾ തയ്യാറാക്കി വിതരണത്തിന് സജ്ജമാക്കിയത്. 3.5 ലക്ഷം വൃക്ഷത്തൈകൾ പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കുമായി നൽകും. 80,000 തൈകൾ വനം വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വനങ്ങളിലുമായി നട്ടുപിടിപ്പിക്കും. വനത്തിനുള്ളിൽ 40,000 തൈകൾ നട്ടുപിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവയുടെ തുടർ പരിപാലനവും ഉറപ്പുവരുത്തും. പമ്പാ നദീതടങ്ങളിൽ നടാൻ പതിനായിരം മുളന്തൈകളും കൊല്ലത്ത് തയ്യാറാക്കിയിരുന്നു. തൈകൾ പത്തനംതിട്ടയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പമ്പയുടെ തീരങ്ങളിൽ ഒരുലക്ഷം മുളന്തൈകളാണ് വച്ചുപിടിപ്പിക്കുന്നത്.

ഒരു വൃക്ഷത്തൈ തയ്യാറാക്കാൻ വനം വകുപ്പിന് 22 രൂപയിലേറെ ചെലവ് വന്നു. പൊതുജനങ്ങൾക്ക് 24 രൂപാ നിരക്കിലും സംഘടനകൾക്ക് സൗജന്യമായും തൈകൾ നൽകും. തൈ വിതരണത്തിന്റെയും നടീലിന്റെയും ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ഇന്ന് രാവിലെ പത്തിന് ആശ്രാമം മൈതാനത്ത് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും.

വിതരണത്തിന് തയ്യാറായ തൈകൾ

പ്ലാവ്, നെല്ലി, പേര, സീതപ്പഴം, മാതളം, ഞാവൽ, ശീമനെല്ലി, ദന്തപ്പാല, ഈട്ടി, ചന്ദനം, രക്തചന്ദനം, കമ്പകം, മുള, പൂവരശ്, നീർമരുത്, കുമ്പിൾ, കറിവേപ്പ് തുടങ്ങി ഇരുപതിലേറെ തൈകൾ.

തൈകൾ ലഭിക്കുന്നത്

കരുനാഗപ്പള്ളി, ശാസ്‌താംകോട്ട കാരാളിമുക്ക്, അഞ്ചാലുംമൂട്, മുഖത്തല, മാറനാട്, കൊട്ടാരക്കര , കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ വനം വകുപ്പ് നഴ്സറികളിൽ നിന്ന് പൊതുജനങ്ങൾക്ക് വില കൊടുത്ത് വൃക്ഷത്തൈകൾ വാങ്ങാം. സൗജന്യമായി തൈകൾ വാങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ കൊല്ലം സോഷ്യൽ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെടണം.

''

4.4 ലക്ഷം തൈകളാണ് കൊല്ലത്ത് സജ്ജമാക്കിയത്. ഇതിൽ 80,000 തൈകൾ വനം വകുപ്പിന്റെ മേൽനോട്ടത്തിൽ നട്ടുപിടിപ്പിക്കും.

എസ്.ഹീരലാൽ

അസി.കൺസർ‌വേറ്റർ

സോഷ്യൽ ഫോറസ്ട്രി കൊല്ലം