mask

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുമ്പോഴും മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണമേറുന്നു. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ച 235 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ യാത്ര നടത്തുന്നവരെ കണ്ടെത്താൻ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവർക്കെതിരെ നടപടിയെടുത്തത്. മത്സ്യചന്തകൾ, ജംഗ്ഷനുകൾ, ബസുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ മാസ്ക് ധരിക്കാത്തവരും വായും മൂക്കും മറച്ച് മാസ്ക് ധരിക്കാത്തവരുമാണ് ഏറെയും. പൊതു ഇടങ്ങളിൽ സാമൂഹിക അകലവും ഇപ്പോൾ ഉറപ്പാക്കാൻ കഴിയുന്നില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിലായി 73 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 36 പേരെ അറസ്റ്റ് ചെയ്ത് 43 വാഹനങ്ങൾ പിടിച്ചെടുത്തു. നിയന്ത്രണങ്ങൾ അവഗണിച്ച വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തു.