crime

 പ്രതിയുടെ സുഹൃത്തിന്റെ വീടാക്രമിച്ച രണ്ടുപേർ പിടിയിൽ

കൊല്ലം: കടപ്പാക്കട സ്വദേശിയായ യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നഗരത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധമുള്ള യുവാക്കളുടെ വീടുകളിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തി. യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മൊട്ടവിഷ്ണുവിന്റെ സുഹൃത്തിന്റെ വീട് അടിച്ചുതകർത്ത കേസിൽ രണ്ട് പേർ പിടിയിലായി.

ബുധനാഴ്ച രാത്രിയും ഇന്നലെ പകലുമായി 50 ഓളം യുവാക്കളുടെ വീടുകളിലായിരുന്നു പരിശോധന നടന്നത്. പൊലീസ് എത്തുമെന്ന് ഉറപ്പുള്ളതിനാൽ പലരും ഇന്നലെ വീടുകളിൽ ഉണ്ടായിരുന്നില്ല. യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ നഗരത്തിൽ മൂന്നിടങ്ങളിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. ഇതിനെ പുറമേ ഉദയകിരണിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും നൂറുകണക്കിന് യുവാക്കൾ തടിച്ചുകൂടി സംഘർഷാന്തരീക്ഷം രൂപപ്പെട്ടു. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.

കടപ്പാക്കട കോതേത്ത് നഗറിൽ ഉദയകിരണിനെ കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച പിടിയിലായ മൊട്ടവിഷ്ണു അടക്കമുള്ള നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.