nk
മെച്ചപ്പെട്ട ഇന്റർനെറ്റ് സൗകര്യം ജില്ലയിൽ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ജില്ലയിലെ ബി.എസ്.എൻ.എൽ അധികൃതരുമായി ചർച്ച നടത്തുന്നു

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് സൗകര്യം ജില്ലയിൽ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ജില്ലയിലെ ബി.എസ്.എൻ.എൽ അധികൃതരുമായി ചർച്ച നടത്തി. അച്ചൻകോവിൽ, റോസ്‌മല, കുളത്തൂപ്പുഴ തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇന്റർനെറ്റിന്റെ അപര്യാപ്തത പരിഹരിക്കാനും നിലവിലുള്ളവയുടെ ഫ്രീക്വൻസി വർദ്ധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ആദിവാസി, പട്ടികജാതി - വർഗ മേഖലകളിൽ ബി.എസ്.എൻ.എൽ നെറ്റ് വർക്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

നിലവിലുള്ള സാങ്കേതിക സംവിധാനങ്ങൾ പരമാവധി മെച്ചപ്പെടുത്തി ഈ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യതയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ബി.എസ്.എൻ.എൽ അധികൃതർ യോഗത്തിൽ ഉറപ്പ് നൽകി. ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ സുധീർ, എ.ജി.എം മനോജ്കൃഷ്ണൻ, ഡിവിഷണൽ എൻജിനീയർ സലിം, എ.ജി.എം സലിം കുമാർ, എ.ജി.എം രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.