പുനലൂർ: കാറിൽ കടത്താൻ ശ്രമിച്ച മൂന്ന് ലിറ്റർ ചാരായവുമായി മൂന്ന് യുവാക്കളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ കരീലുംമുകൾ മുതിരവിള വീട്ടിൽ ബിപിൻ ബേബി(31), മാവിള മേലുകോണത്ത് പുത്തൻപുര വീട്ടിൽ രഞ്ജി വർഗീസ്(27), കരവാളൂർ പൊയ്കമുക്ക് ബിനിൽ ഭവനിൽ ബിപിൻ ബാബു(26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ 5ന് കരവാളൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ സ്കോർപ്പിയോ കാറിലെത്തിയ യുവാക്കളെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാരായവും വടിവാളും കത്തിയും കണ്ടെത്തിയത്. പിടിയിലായ ബിപിൻ ബേബി കാപ്പ അടക്കമുള്ള കേസുകളിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. പുനലൂർ എസ്.ഐ രവി, എ.എസ്.ഐ. രാജേന്ദ്രപ്രസാദ്, സി.പി.ഒമാരായ അഭിലാഷ്, ജിജോ, ജിബിൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.