fish
സി.കെ.പി മാർക്കറ്റിലെ തിരക്ക്

കൊല്ലം: കടവൂർ സി.കെ.പി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യമാർക്കറ്റ് പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. മത്സ്യം കൂടാതെ പച്ചക്കറി, തേങ്ങ, പ്ളാസ്റ്റിക്ക്, ഇരുമ്പുസാധനങ്ങൾ എന്നിവയുടെ കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. 8 സെന്റോളം സ്ഥലത്ത് പ്രവർത്തിക്കുന്ന മാർക്കറ്റിൽ രാവിലെ 10 മണി മുതലാണ് തിരക്കേറുന്നത്. മത്സ്യവില്പനക്കാർ, കച്ചവടക്കാർ തുടങ്ങിയവരിൽ നിന്ന് സ്വകാര്യവ്യക്തി ദിവസേനെ വാടക പിരിക്കുന്നുണ്ട്. മാർക്കറ്റിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കോർപ്പറേഷൻ അധികൃതർക്കും ജില്ലാ കളക്ടർക്കും അടക്കം പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരിസരവാസികളുടെ പരാതി.

'കോർപ്പറേഷന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഇനി അന്വേഷണം നടത്താം. മാലിന്യം നീക്കാനും സാമൂഹിക അകലം പാലിക്കാനും കർശന നിർദ്ദേശം നൽകും"

ഹണി ബെഞ്ചമിൻ, മേയർ

8 സെന്റോളം സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറിയ മാർക്കറ്റിൽ രാവിലെ 10 മണി മുതലാണ് തിരക്കേറുന്നത്.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം

കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പോലും പാലിക്കാതെയാണ് സാധനങ്ങൾ വാങ്ങാനായി ജനങ്ങൾ തടിച്ചുകൂടുന്നത്. സ്വകാര്യ മാർക്കറ്റായതിനാൽ ആൾക്കാരെ നിയന്ത്രിക്കാനോ മാലിന്യം നീക്കാനോ സംവിധാനമില്ല. മേൽക്കൂരയില്ലാതെ തുറന്ന സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.

ദുർഗന്ധവും കൊതുക്, ഈച്ച ശല്യവും

മീൻവെള്ളവും ചെളിയും നിറഞ്ഞ് മലിനജലത്തിൽ ചവിട്ടിനിൽക്കാതെ സാധനം വാങ്ങാനാവില്ലെന്ന് സമീപവാസികൾ പറയുന്നു. അസഹ്യമായ ദുർഗന്ധവും കൊതുക്, ഈച്ച ശല്യവും പരിസരവാസികൾക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴയും വെയിലും ഏൽക്കാതിരിക്കാൻ ചിലർ സ്വന്തം നിലയിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് കച്ചവടം നടത്തുന്നത്.

വാഹന പാർക്കിംഗ് റോഡിൽ

കൊല്ലം- തേനി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മാർക്കറ്റിൽ സ്ഥലപരിമിതി മൂലം സാധനം വാങ്ങാനെത്തുന്നവരുടെ ബൈക്കുകളും കാറുമൊക്കെ പാർക്ക് ചെയ്യുന്നത് റോഡിലാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മാർക്കറ്റിലെത്തുന്നവരുടെ വാഹന പാർക്കിംഗിന് പ്രത്യേക സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.