കൊല്ലം: ശിവഗിരി കുന്നിലെ സന്യാസിവര്യന്മാരെപ്പോലെ കാഷായ വസ്ത്രം ധരിച്ചില്ലെങ്കിലും ഗുരുധർമ്മമായിരുന്നു പരവൂർ ജി. മോഹൻലാലിന്റെ ജീവിതതാളം. അദ്ദേഹം യാത്രയായപ്പോൾ ഗുരുദേവ ദർശന പ്രചാരണത്തിന്റെ കരുത്തുറ്റ ഒരു കണ്ണിയാണ് മുറിഞ്ഞുവീണത്.
ഗുരുദേവ പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് എത്താൻ പരവൂർ മോഹൻലാൽ ശ്രമിച്ചിട്ടില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ പരവൂരിലെ ശാഖാ പ്രവർത്തകൻ മാത്രമായിരുന്നു. ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് സ്ഥാനമാനങ്ങളൊന്നും വേണ്ടായിരുന്നു. ഗാന്ധിജിയെപ്പോലെ ജീവിതം തന്നെ സന്ദേശമാക്കി. ഗുരു പറഞ്ഞത് പോലെ ജീവിച്ച് കാണിച്ച് മറ്റുള്ളവരെ തന്റെ വഴിയിലൂടെ നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തോട് സൗഹൃദ സംഭാഷണം നടത്തുന്നവർക്ക് ഒരു ഗുരുദേവ വചനമെങ്കിലും കേൾക്കാതെ പോകാനാകില്ല. സമകാലിക സംഭവങ്ങളെ ഗുരുവിന്റെ കൃതികളും വചനങ്ങളുമായി കോർത്തിണക്കി ചർച്ചചെയ്യും. ഗുരുദേവ സന്ദേശ പ്രചാരകരെ ഹൃദയം കൊണ്ട് പിന്തുണയ്ക്കുന്നതിനൊപ്പം സാമ്പത്തികമായും സഹായിക്കുമായിരുന്നു. ദീർഘകാലം ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയായിരുന്നു. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന്റെ ഇടവേളകളിലാണ് അദ്ദേഹം ഗുരുദേവനെ അടുത്തറിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഗുരുദേവകൃതികൾ കൂടുതൽ ഹൃദിസ്ഥമാക്കി.
19 വയസിൽ ഗൾഫിലേക്ക് പോയ അദ്ദേഹം 19 വർഷം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയത്. ഗൾഫിൽ നിൽക്കുമ്പോഴും നാട്ടിലെ പാടങ്ങളും പറമ്പുകളുമായിരുന്നു ഉള്ളിൽ. കൃഷി നഷ്ടമായിട്ടും പാടത്ത് സ്ഥിരമായി നെൽകൃഷി നടത്തുമായിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയത്തിയ ശേഷം പരവൂരിൽ സർക്കാർ റിസോർട്ട് ഏറ്റെടുത്ത് നടത്തിയെങ്കിലും തടസങ്ങളെ തുടർന്ന് ഉപേക്ഷിച്ചു. പിന്നീട് പരവൂരിൽ ആരംഭിച്ച ഹോട്ടലും കച്ചവടവും തനിക്ക് വഴങ്ങില്ലെന്ന് മനസിലായതോടെ നിറുത്തി. പിന്നെ പൂർണസമയം കൃഷിക്കാരനായി. ഒന്നര ഏക്കറോളം സ്ഥലത്ത് നട്ട വാഴയും ചേനയും ചേമ്പും പച്ചക്കറികളും മഴയിൽ തളിരിട്ട് വളരുമ്പോഴാണ് വിളവെടുക്കാൻ നിൽക്കാതെ പരവൂർ മോഹൻലാൽ യാത്രയാകുന്നത്.
പരവൂർ ശങ്കരമന്ദിരത്തിൽ കെ.ആർ. ഗംഗാധരൻ വൈദ്യരുടെയും കെ. സരോജിനിയുടെയും മകനായി 1953 ൽ ആയിരുന്നു ജനനം. കഴിഞ്ഞ മാസം 28 ന് ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11ന് പരവൂരിലെ വീട്ടുവളപ്പിൽ.