കൊല്ലം: അഷ്ടമുടിക്കായലിന്റെ എട്ട് മുടികളിലൊന്ന് അവസാനിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലുള്ള ഭാഗം പരിസ്ഥിതി ദിനത്തിന് മുമ്പേ ഇത്തവണ മുഖം മിനുക്കി. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം മുതൽ എതിർവശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ് നിൽക്കുന്ന സ്ഥലം വരെയുള്ള മാലിന്യം പൂർണമായും നീക്കം ചെയ്തത്.
കായലിന്റെ പാർശ്വഭിത്തി തകരാതിരിക്കാൻ കായൽ ശുചീകരിച്ചതിനൊപ്പം തീരത്തോട് ചേർന്ന് ചെളികൊണ്ട് ബണ്ടും നിർമ്മിച്ചു. ഇനിയെങ്കിലും മാലിന്യം വലിച്ചെറിഞ്ഞ് ഉപദ്രവിക്കരുതേയെന്നാണ് പരിസ്ഥിതി ദിനത്തിൽ ഈ ജലാശയത്തിന് കൊല്ലത്തുകാരോട് പറയാനുള്ളത്.
കിട്ടിയത് മദ്യകുപ്പികൾ മുതൽ ആശുപത്രി മാലിന്യം വരെ
പ്ലാസ്റ്റിക് കവറുകളും കുപ്പികളുമായിരുന്നു കൂടുതൽ. ലഹരി തലയ്ക്ക് പിടിച്ചപ്പോൾ വലിച്ചെറിഞ്ഞ മദ്യകുപ്പികളും പിന്നിലല്ല. ആശുപത്രികളിൽ നിന്ന് ഉപേക്ഷിച്ച സർജിക്കൽ മാലിന്യവും സിറിഞ്ചുകളും വലിയ അളവിൽ കവറുകളിലാക്കിയ നിലയിൽ കായലിന്റെ അടിപ്പരപ്പിൽ ഉറച്ചുകിടന്നിരുന്നു. നേരത്തെ ജില്ലാ ആശുപത്രിയിലെയും വിക്ടോറിയയിലെയും കക്കൂസ് മാലിന്യവും മെഡിക്കൽ വേസ്റ്റും ഭൂഗർഭ കുഴൽ വഴി കായലിന്റെ ഈ ഭാഗത്തേക്കാണ് ഒഴുക്കിയിരുന്നത്. മറ്റ് പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യവും ഒഴുക്കുമായിരുന്നു.
കർശന നിരീക്ഷണം വേണം
കർശന നിരീക്ഷണവും നടപടികളും ഉണ്ടായില്ലെങ്കിൽ കായൽ തുമ്പിൽ വീണ്ടും മാലിന്യം നിറഞ്ഞ് പഴയപടിയാകും. മാലിന്യത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് ചെറിയ അളവിൽ ആശ്വാസമായെങ്കിലും കായലിന്റെ ജൈവഘടന പൂർണതോതിൽ വീണ്ടെടുക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.