കൊല്ലം: സുഹൃത്തിനെ കൊടുവാൾ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മാർക്കറ്റിനു സമീപം പുത്തൻവീട്ടിൽ റിയാസാണ് (39) അറസ്റ്റിലായത്. പുനലൂർ മണിയാർ അഷ്ടമംഗലം അഞ്ജലി ഭവനിൽ രാജനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുവരും തമ്മിൽ പുനലൂർ മാർക്കറ്റിൽ വച്ച് വഴക്കുണ്ടാകുകയും തുടർന്ന് റിയാസ് മാർക്കറ്റിലെ കടയിൽ വില്പനയ്ക്ക് വച്ചിരുന്ന കൊടുവാൾ എടുത്തു രാജനുനേർക്ക് എറിയുകയുമായിരുന്നു. കാലിന്റെ കുഴിഞരമ്പിന് മാരകമായി മുറിവേറ്റ രാജനെ പുനലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.