കൊല്ലം: എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 165 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുത്തു. ശൂരനാട് വടക്ക് ഇടപ്പനയം കൂരിക്കുഴി ഏലായിൽ നിന്ന് 80 ലിറ്റർ കോടയും കുന്നത്തൂർ ഐവർകാല പുല്ലേക്കാട്ട് കടവിന് സമീപത്തു നിന്ന് 35 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും കണ്ടെടുത്തു.
കരിന്തോട്ടുവ ആറ്റുകടവിന് സമീപത്തെ പാറക്കുഴിയിൽ നിന്ന് 50 ലിറ്റർ കോടയും ശാസ്താംകോട്ട മാമ്പുഴ ജംഗ്ഷന് സമീപത്തു നിന്ന് 5 ലിറ്റർ ചാരായവും ശൂരനാട് തെക്ക് തൊടിയൂർ പാലത്തിന് സമീപം 5 ലിറ്റർ ചാരായവും പിടികൂടി. ചാരായം കൈവശം വെച്ചതിന് ശൂരനാട് വടക്ക് പുലിക്കുളം സ്വദേശി ബിജുവിനെതിരെയും, കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് സ്വദേശി ഫൈസലിനെതിരെയും കേസെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ പി.എ. സഹദുള്ള, അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ പത്ത് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തഴവ കടത്തൂർ നിലയ്ക്കൽ കളരി ക്ഷേത്രത്തിന് സമീപം പടീറ്റത്ത് രാധാകൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്യാം കുമാർ, സജീവ്കുമാർ, സന്തോഷ് എന്നിവരാണ് റേയ്ഡ് നടത്തിയത്.