bank-employee

കൊല്ലം: സ്ഥിരം നിയമനം നൽകാത്തതിൽ മനംനൊന്ത് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരി ബാങ്ക് സമുച്ചയത്തിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉടൻ ബന്ധുക്കളുടെ മൊഴിയെടുക്കും. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ പന്നിവിള കിഴക്കതിൽ വീട്ടിൽ സത്യവതിയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് മൊഴി ശേഖരിക്കുന്നത്.

ബുധനാഴ്ചയാണ് പൂതക്കുളം ജംഗ്ഷനിലെ ബാങ്ക്‌ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ദേഹത്ത് പെട്രോളൊഴിച്ച ശേഷം സത്യവതി തീകൊളുത്തിയത്. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സത്യവതിയുടെ ആത്മഹത്യം രാഷ്ട്രീയ വിവാദങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.