കൊല്ലം: രാജ്യത്തെ സംരക്ഷണം അനിവാര്യമായ 27 തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്ന അഷ്‌ടമുടി കായലും ശാസ്‌താംകോട്ട തടാകവും മൃതിയിലേക്കടുക്കുമ്പോഴും സംരക്ഷണ പദ്ധതികൾ നീരണിയുന്നില്ല. അനിയന്ത്രിതമായ ജലചൂഷണവും പാരിസ്ഥിതിക ആഘാതങ്ങളുമാണ് ശാസ്താംകോട്ട തടാകത്തിന്റെ നിലനിൽപ്പിന് വെല്ലുവിളിയാകുമ്പോൾ കൊല്ലം നഗരത്തിലെ സർവ മാലിന്യങ്ങളും വന്നടിയുന്നതിനൊപ്പം കൈയ്യേറ്റങ്ങളുമാണ് അഷ്ടമുടിയെ കാളിന്ദിയാക്കുന്നത്.
1997ൽ വരൾച്ചയുടെ മുന്നറിയിപ്പ് നൽകിയ തടാകം 2010ൽ കിലോമീറ്ററുകളോളം വരണ്ടുണങ്ങി. കുട്ടികൾ തടാകത്തെ ഫുട്ബാൾ കളിക്കുന്നതിനുള്ള സ്ഥലവുമാക്കി. എന്നിട്ടും ഇവിടെ നിന്ന് കൊല്ലത്തേക്കുള്ള 3.25 കോടി ലിറ്ററുൾപ്പെടെ 4.35 കോടി ലിറ്ററിന്റെ പമ്പിംഗ് കുറയ്‌ക്കാൻ ജലവിഭവ വകുപ്പ് തയ്യാറായില്ല. ഇതിനൊപ്പം 1.10 കോടി ലിറ്റർ പമ്പ് ചെയ്യുന്ന പന്മന - ചവറ കുടിവെള്ള പദ്ധതി കൂടി തടാകത്തിൽ നിന്നാരംഭിച്ചു.
2013ൽ തടാകത്തിന്റെ വിസ്തൃതി നാലേമുക്കാൽ ചതുരശ്ര കിലോ മീറ്ററിൽ നിന്ന് മുന്നേമുക്കാൽ ചതുരശ്ര കിലോ മീറ്ററിലേക്ക് ചുരുങ്ങി. തടാക സംരക്ഷണ സമിതി നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും സ്ഥലത്തെത്തുകയും കൊല്ലം നഗരത്തിന്റെ കുടിവെള്ളത്തിനായി ബദൽ കുടിവെള്ള പദ്ധതി ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബദൽ പദ്ധതി അട്ടമറിച്ചു
നഗരത്തിനുള്ള ബദൽ കുടിവെള്ള പദ്ധതിക്കായി കല്ലടയാറ്റിലെ കടപുഴയിൽ തടയണ നിർമ്മിക്കാൻ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കുന്ന പൈപ്പ് ലൈനിന് 14.5 കോടിയുമാണ് അനുവദിച്ചത്. ശാസ്‌താംകോട്ടയിൽ കോടികൾ ചെലവിട്ട് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഈ സർക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചു. ഇതിലൂടെ നഷ്ടമായത് 6.93 കോടി രൂപയാണ്.
എട്ടു മുടികളിലും കൈയ്യേറ്റം, മാലിന്യം
അഷ്ടമുടകായലിന്റെ എട്ടുമുടികളുടെയും സൗന്ദര്യം വാഴ്ത്താത്ത കവികളില്ല. സംരക്ഷണ പദ്ധതികൾ പലത് വന്നെങ്കിലും കൈയ്യേറ്റക്കാരിൽ നിന്ന് കായലിനെ രക്ഷിക്കാൻ ആരുമുണ്ടായില്ല. കായലിനെ കുപ്പതൊട്ടിയാക്കാൻ നഗരത്തിലെ ആശുപത്രികളടക്കമുള്ള സർക്കാർ സംവിധാനങ്ങൾ തന്നെ മുന്നിട്ടിറങ്ങി.
സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പിന്നാലെയെത്തി. ഉൾനാടൻ ജലഗാതഗത വകുപ്പ് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തെ കായലിലെ മാലിന്യം നീക്കിയെങ്കിലും മറ്റ് നടപടികൾ കടലാസിലുറങ്ങി. ജില്ലാ ഭരണകൂടത്തിന്റെ കണ്ണെത്തും ദൂരത്തടക്കം നാടിന്റെ പൊതുസ്വത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടമായി മാറുന്നു.
ശാസ്താംകോട്ടയിലെ പാഴായ പദ്ധതികൾ
1998: 3.13 കോടി
2000: 8.69 കോടി
2004: 17.5 കോടി (ജൂലായ് 14ന് നിയമസഭയിൽ പ്രഖ്യാപിച്ചത്)
2005: 25 കോടി (8.69 കോടിയുടെ പദ്ധതി വിപുലീകരിച്ചത്)
2005: 1.6 കോടി (കുളിക്കടവുകളുടെ നിർമ്മാണത്തിന്)
2008: 2 കോടി (ജൂലായിൽ നിയമസഭ പാസാക്കിയത്)
2010: 4.92 കോടി (സമരസമയത്ത് മന്ത്രി എൻ.കെ. പ്രേമചന്ദ്രന്റെ ഇടപെടലിൽ)
2013: 24.85 കോടി (4.92 കോടിയുടെ പദ്ധതി വിപുലീകരിച്ചത്)
2015: 15 കോടി (മേജർ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതി)
2018: 59.62 ലക്ഷം (പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ. കേന്ദ്ര വിഹിതമായ 35.77 ലക്ഷം രൂപ സംസ്ഥാനത്തിന് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിലും തുക പുതുക്കി നൽകി. പക്ഷേ ഉപയോഗിച്ചിട്ടില്ല)
2018: 345 കോടി (അഷ്‌ടമുടി, വേമ്പനാട് കായൽ, ശാസ്‌താംകോട്ട തടാകം എന്നിവയ്‌ക്കായുള്ള കേന്ദ്രപ്രഖ്യാപനം. നടത്തിപ്പിനായി കാത്തിരിക്കുന്നു)