sooraj

കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നത് തെളിയിക്കാൻ അവസാനവട്ട ചോദ്യം ചെയ്യൽ തുടങ്ങി. ഉത്രയുടെ ഭർത്തവ് സൂരജ്, സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ.കെ.പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്തതിന്റെ വിവരങ്ങളും, ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയ മറ്റുവിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് നാല് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുള്ളത്. ഇത് പൂർത്തിയാകുമ്പോൾ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. സാഹചര്യ തെളിവുകൾ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്. ഇക്കാര്യത്തിൽ വ്യക്തത കൈവന്നാൽ രേണുകയെയും സൂര്യയെയും അറസ്റ്റ് ചെയ്തേക്കും.

ഈ മാസം രണ്ടിന് രേണുകയേയും സൂര്യയേയും കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇവരെ വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലായിരുന്നു. വിട്ടയച്ച ശേഷം ആരെയൊക്കെ ഫോൺ ചെയ്തു, എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നതെല്ലാം പൊലീസ് നിരീക്ഷിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം രാവിലെ മുതൽ അന്വേഷണ സംഘം രേണുകയോടും സൂര്യയോടും ചോദിച്ച് തീർപ്പുണ്ടാക്കി.

ഉച്ചയ്ക്ക് ശേഷമാണ് നാല് പേരെയും ഒന്നിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയത്. അടൂർ പറക്കോട്ടെ ഭർത്തൃവീട്ടിൽ അണലിയെ കൊണ്ടുവന്നത് കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന് സൂരജും പിതാവ് സുരേന്ദ്രനും അന്വേഷണ സംഘത്തോട് നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. രണ്ടാമത് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിലും സൂരജിന്റെ വീട്ടിലെ മറ്റുള്ളവർക്ക് അറിവുണ്ടായിരുന്നോയെന്നതാണ് പ്രധാനമായും അന്വേഷണ സംഘം തിരയുന്നത്. റൂറൽ എസ്.പി ഹരിശങ്കറും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. അന്വേഷണം നടന്നുവരികയാണെന്നും മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.