ana
.പത്തനാപുരം: പിറവന്തൂർ കോട്ടക്കയത്ത് കാട്ടാന ചരിഞ്ഞ നിലയിൽ

പത്തനാപുരം: പിറവന്തൂർ കോട്ടക്കയത്ത് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ കാട്ടാന ചരിഞ്ഞ രീതിയിൽ തന്നെയാണ് ഏപ്രിൽ 11ന് അച്ചൻകോവിൽ ഓലപ്പാറയിലും സമാന സംഭവമുണ്ടായിട്ടുള്ളത്. ഓലപ്പാറ മ്ലാന്തടം ഭാഗത്താണ് 30 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഏപ്രിൽ ആദ്യവാരം അച്ചൻകോവിൽ അലിമുക്ക് പാതയോരത്തെ കാട്ടരുവിക്ക് സമീപമാണ് ആനയെ ആദ്യമായി കാണുന്നത്. വായ്ക്കുള്ളിൽ ഗുരുതരമായി മുറിവേറ്റ കാട്ടാന അരുവിയിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. നാക്കും താടിയെല്ലും തകർന്ന ആനയ്ക്ക് ആഹാരം കഴിക്കാൻ സാധിച്ചിരുന്നില്ല. കാട്ടരുവിയിൽ നിന്ന് 6 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ് തൊട്ടടുത്ത ദിവസം ആനയുടെ ജഡം കണ്ടെത്തിയത്. എന്നാൽ സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും വകുപ്പിന് കൈമാറിയിട്ടില്ല.

മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

മുൻപും നിരവധി തവണ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങൾക്ക് സ്ഫോടകവസ്തുക്കൾ കടിച്ച് പരിക്കേറ്റിട്ടുണ്ട്. രണ്ടുവർഷം മുമ്പ് മാങ്കോട് പാടം വനമേഖലയിൽ സ്ഫോടകവസ്തു തുമ്പിക്കൈയിലിരുന്ന് പരിക്കേറ്റ ആന ചികിത്സ കിട്ടിയിട്ടും ചരിഞ്ഞിരുന്നു. ഉൾക്കാട്ടിൽ അതിക്രമിച്ച് കടന്ന മൃഗവേട്ട സംഘമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. നിരവധി തവണ വന്യമൃഗങ്ങൾക്ക് നേരെ മൃഗവേട്ട സംഘത്തിന്റെ ആക്രമണങ്ങൾ ഉണ്ടായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

സ്ഫോടകവസ്തുവിന്റെ സാനിദ്ധ്യം മൂലം തുടർച്ചയായി ആനകൾക്ക് അപകടം സംഭവിക്കുന്നതിന് പിന്നിൽ വൻ ലോബിയുണ്ടെന്നാണ് കരുതുന്നത്.

കെ.ബി. ഗണേശ് കുമാർ എം.എൽ.എ (ആൾ കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി)

ആനയുടെ വായ്ക്കുള്ളിലിരുന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ് മരണകാരണം.

ഡോ. ശ്യാം ചന്ദ്രൻ ( പോസ്റ്റുമോർട്ടം പൂർത്തീകരിച്ച ഡോക്ടർ)


ആന ചരിഞ്ഞത് പടക്കം പൊട്ടിത്തെറിച്ച്

പടക്കം പൊട്ടിത്തെറിച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രാസപരിശോധനാ ഫലം ഇതുവരെയും എത്തിയിട്ടില്ലെന്നാണ് അറിവ്. വനം വന്യജീവി വകുപ്പിലെ പ്രത്യേക വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയാണ് ആനയുടെ മൃതദേഹം സംസ്കരിച്ചത്. വനപാലകരും ഡോക്ടർമാരും അടങ്ങുന്ന സംഘം നിരവധി തവണ ആനയെ കരയ്ക്കെത്തിച്ചു ചികിത്സ നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.