കൊല്ലം: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 ഡി വിജ്ഞാപനം ഒരുമാസത്തിനുള്ളിൽ പുറപ്പെടുവിപ്പിക്കും. വിജ്ഞാപനത്തിൽ ഉൾപ്പെടുത്താനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ദേശീയപാതാ മന്ത്രാലയത്തിന് കൈമാറി.
ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ, ഉടമസ്ഥന്റെ പേര്, ഭൂമിയുടെ അളവ് എന്നിവയാകും വിജ്ഞാപനത്തിൽ ഉണ്ടാകുക. ഇത് പ്രസിദ്ധീകരിച്ചാലുടൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിശ്ചയിച്ച് ഏറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങും.
3 എ വിജ്ഞാപനം പുറപ്പെടുവിച്ചത് രണ്ടുതവണ
സ്ഥലത്തിന്റെ സർവേ നമ്പരുകൾ അടങ്ങിയ 3 എ വിജ്ഞാപനം പുറപ്പെടുവിക്കലാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആദ്യ നടപടി. ഈ വിജ്ഞാപനം നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ 3 ഡി വിജ്ഞാപനം പുറപ്പെടുവിക്കണം.
നിലവിലെ അലൈൻമെന്റ് പ്രകാരം രണ്ടുതവണ 3 എ വിജ്ഞാപനം പുറപ്പെടുവിച്ചു. നടപടികൾ പൂർത്തിയാകാഞ്ഞതിനാൽ ആദ്യ വിജ്ഞാപനം അസാധുവായി. കഴിഞ്ഞ ജൂൺ 25നാണ് രണ്ടാമത്തെ വിജ്ഞാപനം നിലവിൽ വന്നത്. മൂന്ന് മാസം മുമ്പ് തന്നെ 3 ഡി വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയായെങ്കിലും അലൈൻമെന്റിനെതിരായ ഹർജികളിൽ കോടതി തീർപ്പുകൽപ്പിക്കാഞ്ഞതിനാൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. മാർച്ച് പകുതിയോടെ അനുകൂല വിധി വന്നതോടെയാണ് നടപടികൾ പൂർത്തിയാക്കി വിവരങ്ങൾ കൈമാറിയത്.
കരുനാഗപ്പള്ളിയിൽ 2.55 ഹെക്ടർ ഭൂമിയുടെ വില നിശ്ചയിച്ചു
കരുനാഗപ്പള്ളി ലാൻഡ് അക്വിസിഷൻ യൂണിറ്റിന്റെ പരിധിയിൽ കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത മേഖലയിലെ 755 സർവേ നമ്പരുകൾ ഉൾപ്പെട്ട 3 ഡി വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിൽ 255 സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന 2.55 ഹെക്ടർ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിശ്ചയിച്ചു. വൃക്ഷങ്ങളുടെ വില വനംവകുപ്പും വിളകളുടെ വില കൃഷി വകുപ്പും ഉടൻ നിശ്ചയിച്ച് നൽകും. ഈ മാസം 8 മുതൽ ഭൂമിയുടെ വില കൈമാറുന്നതിന് മുന്നോടിയായുള്ള ഹിയറിംഗിനുള്ള നോട്ടീസ് കൈമാറും. 16 മുതലായിരിക്കും ഹിയറിംഗ്.
ജില്ലയിലെ ആറുവരിപ്പാത
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ: 56.3 കി.മീറ്റർ
ഭൂമി ഏറ്റെടുക്കുന്നത് മദ്ധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കും: 22.5 മീറ്റർ
ഇതുവരെ ഏറ്റെടുത്തത്: 2.21 ഹെക്ടർ (ഓച്ചിറ, കുലശേഖരപുരം, ആദിനാട് വില്ലേജുകൾ)
ഭൂമി ഏറ്റെടുക്കാനുള്ള ഏകദേശ ചെലവ്: 600 കോടി
ആകെ ഏറ്റെടുക്കേണ്ടി വരുന്നത്: 45.50 ഹെക്ടർ ഭൂമി