lookou
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ

പുനലൂർ: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ മതിയായ സംരക്ഷണം ഇല്ലാതായതോടെ നാശത്തിന്റെ വക്കിൽ. പവലിയന് മുന്നിലെ കോൺക്രീറ്റ് മുറ്റവും സമീപ പ്രദേശങ്ങളും വിണ്ട് കീറി കാട് വളർന്ന നിലയിലാണ്. രണ്ടര മാസം മുമ്പ് താൽക്കാലികമായി അടച്ച് പൂട്ടിയ പവലിയനാണ് തകർച്ചാഭീഷണി നേരിടുന്നത്. അര നൂറ്റാണ്ട് മുമ്പ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കല്ലട ഇറിഗേഷന്റെ (കെ.ഐ.പി) നേതൃത്വത്തിലായിരുന്നു പവലിയൻ പണിതത്. പവലിയന്റെ മൂന്നാമത്തെ നിലയിൽ കയറിയാൽ നാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തെന്മല പരപ്പാർ അണക്കെട്ടും കാനന ഭംഗിയും ആസ്വദിക്കാം. ഇതുകൂടാതെ കല്ലടയാറിന്റെ ദൃശ്യഭംഗിയും ഒറ്റക്കൽ ലുക്കൗട്ട് തടയണയും പവലിയനിൽ നിന്നാൽ കാണാനും സാധിക്കും.

25ലക്ഷം രൂപയുടെ നവീകരണം കടലാസിൽ

പവലിയന്റെ ഉപരിതലവും കൈവരികളും വർഷങ്ങൾക്ക് മുമ്പ് തന്നെ വിണ്ട് കീറി നാശത്തിലേക്ക് നീങ്ങിയിരുന്നു. ഇത് കണക്കിലെടുത്ത് 25ലക്ഷം രൂപ ചെലവഴിച്ച് പവലിയൻ നവീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിൻെറ പ്രാഥമിക പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം പിന്നെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

അടച്ച് പൂട്ടിയത് രണ്ടര മാസം മുമ്പ്

രണ്ടര മാസം മുമ്പ് താൽക്കാലികമായി അടച്ച് പൂട്ടിയ പവലിയനാണ് തകർച്ചാഭീഷണി നേരിടുന്നത്. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പവലിയൻ സന്ദർശിക്കാൻ നൂറുകണക്കിന് വിനോദ സഞ്ചാരികളായിരുന്നു ദിവസവും ഒറ്റക്കൽ ലുക്കൗട്ടിൽ എത്തിക്കൊണ്ടിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കിഴക്കൻ മലയോര മേഖലയിലെ പാലരുവി. തെന്മല ഇക്കോ ടൂറിസം മേഖല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് പൂട്ടിയതിനൊപ്പം പവലിയന്റെ പ്രവേശന കവാടത്തിനും താഴുവീഴുകയായിരുന്നു.