കൊല്ലം: കൊവിഡിന്റെ ആകുലതകൾക്കിടയിലും അതിജീവനത്തിന്റെ വൃക്ഷ തൈകൾ നട്ട് നാട് പരിസ്ഥിതി ദിനത്തിനൊപ്പം. കൊല്ലത്തിന് പച്ചപ്പിന്റെ തണലൊരുക്കാൻ 4.4 ലക്ഷം വൃക്ഷ തൈകളാണ് വനം വകുപ്പ് തയ്യാറാക്കിയത്. ഇതിൽ 40000 വീതം വൃക്ഷതൈകൾ ജില്ലയിലെ വനത്തിനുള്ളിലും വിവിധ സ്ഥലങ്ങളിലുമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നട്ട് പരിപാലിക്കും. വനം വകുപ്പിന്റെ ജില്ലയിലെ ഏഴ് നഴ്സറികളാണ് വൃക്ഷതൈകൾ തയ്യാറാക്കിയത്. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് വൃക്ഷതൈ നട്ട് മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ തുടങ്ങിയവർ പങ്കെടുത്തു.
20 ഇനം തൈകൾ
പ്ലാവ്, നെല്ലി, പേര, സീതപ്പഴം, മാതളം, ഞാവൽ, ശീമനെല്ലി, ദന്തപ്പാല, ഈട്ടി, ചന്ദനം, രക്തചന്ദനം, കമ്പകം, മുള, പൂവരശ്, നീർമരുത്, കുമ്പിൾ, കറിവേപ്പ് തുടങ്ങി ഇരുപതിലേറെ ഇനത്തിലുള്ള തൈകളാണ് വിതരണം ചെയ്യുന്നത്.
വനം വകുപ്പ് നഴ്സറികളിൽ നിന്ന് പൊതുജനങ്ങൾക്ക് വില കൊടുത്ത് തൈകൾ വാങ്ങാം. സൗജന്യമായി തൈകൾ വാങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ കൊല്ലം സോഷ്യൽ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെടണം.
വനംവകുപ്പ് നഴ്സറികൾ
01. കരുനാഗപ്പള്ളി
02. കാരാളിമുക്ക്
03. അഞ്ചാലുംമൂട്
04. മുഖത്തല
05. മാറനാട്
06. കൊട്ടാരക്കര
07. കുളത്തൂപ്പുഴ
......................................
4.4 ലക്ഷം തൈകളാണ് കൊല്ലത്ത് സജ്ജമാക്കിയത്. ഇതിൽ 80,000 തൈകൾ വനം വകുപ്പിന്റെ മേൽനോട്ടത്തിൽ നട്ട് പിടിപ്പിക്കും.
എസ്.ഹീരലാൽ, അസി.കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി കൊല്ലം