കൊല്ലം: മരണശേഷം കൊവിഡ് സ്ഥിരീകരിച്ച കാവനാട് അരവിള കാളച്ചേഴത്ത് വീട്ടിൽ സേവ്യറിന്റെ (63) മൃതദേഹം കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പൊതിയുന്ന പ്രത്യേക കവറിലാക്കിയാണ് ശ്മശാനത്തിലെത്തിച്ചത്.
ഒരു ഹെൽത്ത് ഇൻസ്പെക്ടർ അടക്കം മൂന്ന് ആരോഗ്യപ്രവർത്തകർ അനുഗമിച്ചു. പി.പി.ഇ കിറ്റുകൾ ധരിച്ച് മൂന്ന് ബന്ധുക്കൾക്കും ശ്മശാനത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. വൈകിട്ട് നാലരയോടെ എത്തിച്ച മൃതദേഹം അഞ്ച് മണിയോടെ ദഹിപ്പിച്ചു. കഴിഞ്ഞ 31നാണ് സേവ്യർ മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ഊണ് കഴിക്കാൻ ഭാര്യ വിളിച്ചപ്പോൾ സുഖമില്ല, അല്പം കഴിയട്ടെ എന്ന് പറഞ്ഞു. മൂന്നോടെ നോക്കിയപ്പോൾ വിയർത്ത് കുളിച്ച് കിടക്കുകയായിരുന്നു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.