അഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ കടവൂർ മുതൽ നീരാവിൽ പാലം വരെ അപകടങ്ങൾ തുടർക്കഥയായതിനെ തുടർന്ന് റോഡ് പരുക്കനാക്കുന്നതിന്റെ ഭാഗമായി റീ ടാറിംഗ് നടപടികൾ ആരംഭിച്ചു.
ചെറിയ ചാറ്റൽ മഴയുള്ളപ്പോൾ വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടം ഉണ്ടാകുന്നത് നിത്യസംഭവമായിരുന്നു. ബ്രേക്ക് ചെയ്യുമ്പോൾ ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് വാഹന ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ട് മേയ് 19ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേതുടർന്ന് വിദഗ്ദ്ധർ സ്ഥലപരിശോധന ഉൾപ്പെടെ നടത്തുകയും റോഡിന് പരുക്കൻ പ്രതലം സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുകയുമായിരുന്നു.
നിർമ്മാണ കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ തന്നെയാണ് റോഡ് പരുക്കനാക്കുന്നതിനുള്ള പ്രവൃത്തികൾ നടത്തുന്നത്. അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപണികൾ നിർമ്മാണ കമ്പനി തന്നെ നിർവഹിക്കണമെന്ന് ബൈപാസ് നിർമ്മാണ കരാറിൽ നിബന്ധന ഉണ്ടായിരുന്നു .