ഓച്ചിറ: അകാരണമായി പഞ്ചായത്ത് ലേലം ചെയ്യാൻ തീരുമാനിച്ച മുത്തശി മാവിന് ലോക പരിസ്ഥിതിദിനത്തിൽ നാട്ടുകാരുടെ സ്നേഹാദരം. തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കുതിരപ്പന്തി കുന്നുതറ കോളനിക്ക് സമീപത്തെ നാട്ടുമാവിലാണ് നാട്ടുകാർ പൊന്നാട ചാർത്തിയത്. വർഷങ്ങളുടെ പഴക്കമുള്ള നാട്ടുമാവ് അപകടാവസ്ഥയിലാണെന്ന വ്യാജ പരാതിയാണ് മാവ് ലേലം ചെയ്യാനുള്ള പഞ്ചായത്തിന്റെ ഉത്തരവിറങ്ങാൻ കാരണം. ഇക്കാര്യം അറിഞ്ഞ പഞ്ചായത്തംഗം സലിം അമ്പിത്തറയും നാട്ടുകാരും ചേർന്ന് ലേല നടപടികൾക്കെതിരെ ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്കും ജില്ലാ കളക്ടർക്കും വനം വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. തുടർന്ന് മാവ് മുറിച്ച് മാറ്റാനും ലേലം ചെയ്യാനുമുള്ള പഞ്ചായത്ത് നടപടി വനം വകുപ്പ് മന്ത്രി ഇടപെട്ട് തടഞ്ഞു. മന്ത്രിയുടെ ഇടപെടലോടെ ജീവൻ തിരിച്ചുകിട്ടിയ നാട്ടുമാവിനെയാണ് ലോക പരിസ്ഥിതി ദിനമായ ഇന്നലെ നാട്ടുകാർ ആദരിച്ചത്. മാവിന്റെ പരിസരം വൃത്തിയാക്കി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്ന പോസ്റ്റർ സ്ഥാപിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം മുത്തശി മാവിനെ പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സലിം അമ്പിത്തറ, ബിജു.ആർ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഗോപാലകൃഷ്ണൻ കൈപ്ളേത്ത്, അദ്ധ്യാപകനായ ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, കൂടത്തറ ശ്രീകുമാർ , മുൻ പഞ്ചായത്തംഗം രവി എന്നിവർ പ്രസംഗിച്ചു.