ശാസ്താംകോട്ട: പരിസ്ഥിതി ദിനത്തിൽ ദേവസ്വം ബോർഡ് കോളേജിൽ നിരവധി മരങ്ങൾ മുറിച്ചു മാറ്റി. ദേവസ്വം ബോർഡ് കോളേജ് വളപ്പിലെ മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് കോളേജ് അധികൃതർ മുറിച്ചു മാറ്റിയത്. കോളേജിന്റെ രണ്ടര ഏക്കർ തരിശ് ഭൂമിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാർഷിക പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്നതിന് മുമ്പാണ് ഇന്നലെ മരങ്ങൾ മുറിച്ചത്. പതിറ്റാണ്ടുകളായി കോളേജിന് തണലേകുകയും വാനരന്മാരുടെ ആവാസ കേന്ദ്രവുമായ ഫലവൃക്ഷങ്ങൾ പരിസ്ഥിതി ദിനത്തിൽ തന്നെ മുറിച്ചുമാറ്റിയത് വിരോധാഭാസമായി. ഒരുഭാഗത്ത് ഫലവൃക്ഷ തൈകൾ നടുകയും മറുഭാഗത്ത് വൻമരങ്ഹൾ മുറിച്ചു മാറ്റുകയും ചെയ്യുന്ന കോളേജ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് പറഞ്ഞു.
കാർഷിക പദ്ധതിയുടെ ഉദ്ഘാടനം
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോർഡ് കോളേജിന്റെ ആഭിമുഖ്യത്തിൽ രണ്ടര ഏക്കർ തരിശ് ഭൂമിയിൽ നടപ്പാക്കുന്ന കാർഷിക പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എൻ.വിജയകുമാർ, കെ.എസ്. രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.