kollam-bypass

കൊല്ലം: ബൈപാസിൽ സർവീസ് റോഡും ഫ്ളൈഓവറും വാഹന ഗതാഗതത്തിനുമുള്ള അടിപ്പാതയും ഉൾപ്പെടെയുള്ള വികസനം നടപ്പാക്കുമെന്ന് റോഡ് ഗതാഗതവും ദേശീയപാതയും വകുപ്പ് മന്ത്രി ജനറൽ ഡോ. വിജയകുമാർ സിംഗ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. ദേശീയപാത 66 നാല്, ആറ് വരി പാതകളായി വികസിപ്പിക്കുന്നതിന് ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപാസും നാല്, ആറ് വരിപാതകളും വികസിപ്പിക്കുമെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.

കൊല്ലം ബൈപാസിന്റെ വികസനവും സുരക്ഷയും സംബന്ധിച്ച് ലോക്‌സഭയിൽ ഉന്നയിച്ച വിഷയത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി വിശദാംശം നൽകിയത്. കൊല്ലം ബൈപാസിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തിയതായും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ സുരക്ഷാ മാനദണ്ഡ പ്രകാരം കൊല്ലം ബൈപാസിലെ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു.

ബൈപാസിലെ എല്ലാ ബൈറോഡുകളിലും റംബിൽ സ്ട്രിപ്പുകൾ സ്ഥാപിക്കുകയും സ്പീഡ് കാമറ, ആർ.എൽ.വി.ഡി കാമറ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങൾ റോഡ് സുരക്ഷാ അതോറിറ്റിയുടെയും പൊലീസ് വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കിയതായും എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ മന്ത്രി അറിയിച്ചു.