പരവൂർ: ഗുരുദേവ ദർശനങ്ങളുടെ പ്രമുഖ പ്രചാരകൻ പരവൂർ ജി. മോഹൻലാൽ ഇനി ഓർമ്മ. പരവൂർ കുറുമണ്ടലിലെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്കരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ ജി. മോഹൻലാലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ പരവൂർ കുറുമണ്ടിലിലെ അനിതാഭവനിലേക്ക് എത്തിയേനെ. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സംസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന നൂറ് കണക്കിന് സുഹൃത്തുക്കളും ബന്ധുക്കളും ശ്രീനാരായണീയരും അദ്ദേഹത്തിന് മനസ് കൊണ്ട് യാത്രാ മൊഴി പറഞ്ഞു. രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിച്ച ഭൗതികദേഹം പതിനൊന്നരയോടെ സംസ്കരിച്ചു. മൂത്തമകൻ വിദേശത്തായിരുന്നതിനാൽ ഇളയമകൻ ഗിരീഷ്‌ലാലാണ് കർമ്മങ്ങൾ ചെയ്തത്.
ശിവഗിരി പ്രാർത്ഥനാമഠത്തിലെ സ്വാമി കൃഷ്ണാനന്ദ, ജി.എസ്. ജയലാൽ എം.എൽ.എ, മുൻ എം. എൽ. എ എൻ.അനിരുദ്ധൻ, നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന പ്രസിഡന്റ് എഴുകോൺ രാജ്‌മോഹൻ, സെക്രട്ടറി സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് ഓടനാവട്ടം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, നഗരസഭാ കൗൺസിലർമാർ, എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ വിവിധ സമയങ്ങളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.