chinnakkada
സമ്പൂർണ ലോക്ക് ഡൗണിൽ വിജനമായ ചിന്നക്കട

കൊല്ലം: ലോക്ക് ഡൗൺ ദുരിതങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ മടങ്ങാൻ ശ്രമിക്കുന്ന കൊല്ലത്തിനുമേൽ വെല്ലുവിളിയുടെ കാർമേഘങ്ങൾ. പെരുമഴയും ട്രോളിംഗ് നിരോധനവുവുമാണ് ഇതിൽ പ്രധാനം. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയതും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ആരോഗ്യ - പൊലീസ് വകുപ്പുകളുടെ റിപ്പോർട്ടിനെ തുടർന്ന് ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖവും പിന്നാലെ നീണ്ടകരയും അടച്ചു. ട്രോളിംഗ് നിരോധനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ജില്ലയിലെ മത്സ്യബന്ധന മേഖല ഏതാണ്ട് നിശ്ചലമായി.

 മത്സ്യബന്ധന മേഖലയിൽ

ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിൽ മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ബോട്ടുടമകൾ, തൊഴിലാളികൾ, തുറമുഖങ്ങളിലെ തൊഴിലാളികൾ, ഇടനിലക്കാർ തുടങ്ങി മത്സ്യം വാങ്ങി പാതയോരത്ത് വിൽക്കുന്നവരടക്കമുള്ളവർ സമാനതകളില്ലാത്ത ദുരിതത്തിലാണ്. ലോക്ക് ഡൗൺ കാലത്ത് ആഴ്ചകളോളം കടലിൽ പോകാൻ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോഴാകട്ടെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് തൊഴിൽ ലഭിച്ചത്. നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ മാനിച്ച് ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

 വ്യാപാര മേഖലയിൽ

പെരുമഴക്കാലം പൊതുവെ വ്യാപാര മേഖലയിലും പ്രതീക്ഷയുടെ സമയമല്ല. ലോക്ക് ഡൗൺ ഇളവുകളിൽ തെരുവോര കച്ചവടം ഉൾപ്പെടെയുള്ള ജില്ലയിലെ ചെറുകിട മേഖലകൾ സജീവമായി തുടങ്ങിയിരുന്നു. കാലവർഷം ശക്തി പ്രാപിച്ചതോടെ ഇത്തരം കച്ചവടങ്ങൾ എല്ലാം നിലച്ചെന്ന് മാത്രമല്ല നൂറ് കണക്കിന് കുടുംബങ്ങൾ വീണ്ടും വറുതിയിലേക്ക് പോവുകയാണ്. പ്രതീക്ഷകൾ തെറ്റിച്ച് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും എല്ലാ മേഖലകളെയും നിശ്ചലമാക്കിയേക്കും.

 തൊഴിലില്ലാതെ ആയിരങ്ങൾ

ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ മേഖലകളിൽ നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും നേരിട്ടു. ജില്ലയിലെ എണ്ണമറ്റ തൊഴിലാളികൾക്ക് ഇനിയും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് തിരികെ പോകാനായിട്ടില്ല. തൊഴിൽ ദിനങ്ങൾ പകുതിയും മൂന്നിലൊന്നായി കുറഞ്ഞു. മാർച്ച് മാസം മുതലുള്ള ശമ്പളം കിട്ടാത്തവരും പകുതി ശമ്പളം കിട്ടിയവരും ഏറെയാണ്. സ്വയംതൊഴിൽ സംരംഭകരും കച്ചവടക്കാരും നേരിടുന്നത് സമാന ദുരിതങ്ങളാണ്.

ജില്ലയുടെ ആശങ്കകൾ ഇവയൊക്കെ....

 മത്സ്യബന്ധന മേഖല വറുതിയുടെ തീരത്ത്

 ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ

 വ്യാപാര മേഖലയ്ക്ക് ഭീഷണിയായി കാലവർഷം

 കൊവിഡ് ബാധിതരുടെ എണ്ണമേറുന്നതും പ്രതിസന്ധി

 ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളും നിയന്ത്രണങ്ങളും

 തൊഴിലവസരങ്ങൾ വീണ്ടും കുറയുന്നു

 കൈത്തൊഴിലുകാരുടെ ദുരിതം അകലുന്നില്ല