തഴവ: മഴ ശക്തമായതോടെ പള്ളിക്കലാർ കരകവിഞ്ഞ് പാവുമ്പ ചുരുളി പാടത്തെ ഏക്കറുകണക്കിന് നെൽ കൃഷി വെള്ളത്തിനടിയിലായി.
ഏകദേശം അൻപതിൽ അധികം ഏക്കർ സ്ഥലത്താണ് പാവുമ്പ ചുരുളി പാടത്ത് നിലവിൽ നെൽ കൃഷി ചെയ്തിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായ അവസ്ഥയാണ്. മാവേലിക്കര മുതൽ പാവുമ്പ വട്ടക്കായൽ വരെയുള്ള ഭൂരിഭാഗം പാടശേഖരങ്ങളിലെയും വെള്ളം ടി.എസ് കനാൽ വഴി പള്ളിക്കലാറിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ പള്ളിക്കലാറിന് കുറുകേ തടയണ നിർമ്മിച്ചതോടെയാണ് നീരൊഴുക്ക് തടസപ്പെട്ട് കൃഷി സ്ഥലങ്ങൾ വെള്ളം കയറി നശിക്കുന്ന ദുരവസ്ഥയിലേക്കെത്തിയത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി വട്ടക്കായലിലെ അറുന്നൂറ്റി എഴുപത്തി അഞ്ച് ഏക്കറിൽ നെൽ കൃഷി നടക്കുന്ന അവസരത്തിൽ തന്നെയാണ് പള്ളിക്കലാറ്റിൽ തടയണ നിർമ്മിച്ചത്.
പള്ളിക്കലാറിന് കുറുകേ തടയണ
പള്ളിക്കലാറിന് കുറുകേ തടയണ നിർമ്മിച്ചതോടെയാണ് നീരൊഴുക്ക് തടസപ്പെട്ട് കൃഷി സ്ഥലങ്ങൾ വെള്ളം കയറി നശിക്കുന്ന അവസ്ഥയുണ്ടായത്. കഴിഞ്ഞ മഴക്കാലത്ത് വട്ടക്കായൽ ജനവാസ കേന്ദ്രങ്ങളിലേക്ക് കരകവിഞ്ഞ് കയറിയപ്പോൾ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചെങ്കിലും തടയണ പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ വർഷം വിളിച്ചു ചേർത്ത ജില്ലാ കളക്ടർ പങ്കെടുത്ത സർവകക്ഷിയോഗത്തിൽ തടയണ പൊളിച്ചുനീക്കാൻ ധാരണയിലെത്തിയെങ്കിലും തീരുമാനം നടപ്പാക്കാനായില്ല.
തടയണയ്ക്ക് സമാന്തരമായി തോട്
ശാസ്ത്രീയ പഠനമില്ലാതെയാണ് തടയണ നിർമ്മിച്ചതെന്ന ആക്ഷേപം പ്രദേശവാസികൾക്കിടയിൽ ശക്തമാണ്.
തടയണ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചതോടെ തടയണയ്ക്ക് സമാന്തരമായി തോട് നിർമ്മിക്കാനുള്ള നീക്കം ഔദ്യോഗിക തലത്തിൽ ആരംഭിച്ചു. എന്നാൽ തോട് നിർമ്മാണത്തിന്റെ നടപടികൾ ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങുമ്പോൾ പള്ളിക്കലാറ്റിലെ വെള്ളം കടന്നുകയറി പ്രദേശവാസികൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്.