death

കൊല്ലം: ദുരൂഹ മരണം സംഭവിച്ച ദമ്പതികളുടെ ഇൻക്വസ്റ്റ് പൂർത്തിയാവും മുമ്പ് സ്ഥലം വിടുകയും റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹങ്ങൾ താമസസ്ഥലത്തേക്ക് വരുത്തുകയും ചെയ്ത അഞ്ചൽ സി.ഐ സി. എൽ. സുധീറിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം. ഇടമുളയ്‌ക്കൽ കൈപ്പള്ളി ജംഗ്ഷനിലെ വാടകവീട്ടിൽ ജൂൺ 3ന് രാവിലെയാണ്

സുനിലിന്റെയും സുജിനിയുടെയും മൃതദേഹങ്ങൾ കണ്ടത്. സുജിനിയെ കൊലപ്പെടുത്തി സുനിൽ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.

സി.ഐയുടെയും തഹസീൽദാരുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് ആരംഭിച്ചതെങ്കിലും പൂർത്തിയാകും മുമ്പ് സി.ഐ സ്ഥലം വിട്ടു. പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് റിപ്പോർട്ടിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി. ഐ ഒപ്പിട്ടില്ലെന്ന് പൊലീസുകാർ ഓർത്തത്. ആംബുലൻസിൽ മൃതദേഹങ്ങളുമായി അഞ്ചൽ പൊലീസ് സ്റ്റേഷന് മുന്നിൽ പത്ത് മിനിട്ടോളം കാത്തുനിന്നെങ്കിലും സി.ഐ കുറ്റിക്കാട്ടെ വീട്ടിലേക്ക് പോയിരുന്നു. പതിനഞ്ചു കിലോമീറ്ററാേളം ചുറ്റി

മൃതദേഹങ്ങളുമായി സി.ഐയുടെ വീട്ടിലെത്തി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പ് വാങ്ങിയ ശേഷമാണ് തിരുവനന്തപുരം മെഡി. കോളേജിലേക്ക് കൊണ്ടുപോയത്.

സംഭവം ശ്രദ്ധയിൽപെട്ട കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അടിയന്തരമായി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി ബി.വിനോദ് വൈകാതെ റിപ്പോർട്ട് നൽകും.

 ഉത്ര വധക്കേസിലും

ആരോപണം

അഞ്ചൽ ഏറം വെള്ളശേരിൽ ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിലും സി.ഐക്കെതിരെ ആരോപണം ഉയർന്നിരുന്നു. മൃതദേഹം കണ്ട മേയ് ഏഴിന് തന്നെ ഉത്രയുടെ കുടുംബം സംശയം ഉന്നയിച്ചെങ്കിലും സി.ഐ ചെവിക്കൊണ്ടില്ല. പിന്നീട് നൽകിയ പരാതിയിലും വിശദമായ അന്വേഷണം ഉണ്ടായില്ല.

റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും ഭർത്താവ് സൂരജ് അറസ്റ്റിലായതും. മൃതദേഹം ദഹിപ്പിക്കാനും സി.ഐ ഇടപെട്ടെന്ന് ആരോപണമുയർന്നു. ഇതുമൂലം മൃതദേഹം ഒരിക്കൽക്കൂടി

പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയാതായി.