കൊല്ലം: നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കൊവിഡ് വ്യാപനത്തിന്റെ വക്കിലെന്ന് പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രഹസ്യമായി എത്തുന്നതിനാൽ ഹാർബറുകൾ തുറന്നാൽ തീരത്താകെ രോഗവ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹോട്ട് സ്പോട്ടുകളടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് തമിഴ് തൊഴിലാളികൾ കരമാർഗവും കടൽമാർഗവും ഹാർബറുകളിലേക്ക് എത്തുന്നത്.
താമസിക്കാൻ ഇടം കിട്ടാത്തതിനാൽ ഇവർ തങ്ങുന്നതാകട്ടെ തീരത്തും ബോട്ടുകളിലുമാണ്. തീരദേശവാസികളുമായി ഇത്തരക്കാർ സമ്പർക്കത്തിൽ ഏർപ്പെടുന്നത് വലിയ ഭീഷണിയാണ്. വിവിധ കേന്ദ്രങ്ങളിൽ സംഘടിച്ച് മദ്യപാനവുമുണ്ട്.
ചെക്ക് പോസ്റ്റുകൾ കാൽനടയായി കടന്ന ശേഷം പിന്നീട് ബസുകളിലാണ് കരമാർഗമുള്ള യാത്രയെങ്കിൽ ബോട്ടുകളിലാണ് കടൽമാർഗമുള്ള വരവ്. ഇങ്ങനെ എത്തിയ 60 പേരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കോസ്റ്റൽ പൊലീസ് പിടികൂടി ക്വാറന്റൈനിലാക്കിയിരുന്നു. ചെറുവള്ളങ്ങളിലെത്തി മത്സ്യബന്ധന ബോട്ടുകളിൽ കയറുന്നവരുമുണ്ട്. ഇവരെ കണ്ടെത്താനോ പിടികൂടാനോ കഴിയുന്നില്ല. തമിഴ്നാട് സ്വദേശികളുടെ രജിസ്ട്രേഷനില്ലാത്ത വള്ളങ്ങൾ ഇപ്പോൾ കടലിൽ പോകാതെ കരയിൽ കിടപ്പുണ്ട്. ഇത് നാട്ടിലേക്ക് കൊണ്ടുപോകാനും ട്രോളിംഗ് നിരോധനകാലത്ത് ഇവിടെ തന്നെ മത്സ്യബന്ധനത്തിന് ഇറക്കാനും കൂടുതൽ പേർ എത്താൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷ സാദ്ധ്യത
ട്രോളിംഗ് നിരോധന കാലത്ത് ആഴത്തിൽ വലവിരിക്കുന്ന വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി നൽകിയാൽ ബോട്ടുടമകളും തൊഴിലാളികളും സംഘടിച്ച് സംഘർഷത്തിന് സാദ്ധ്യതയുണ്ടെന്നും ഇന്റലിജന്റ്സ് റിപ്പോർട്ടിൽ സൂചനയുണ്ട്.
നിയന്ത്രണങ്ങൾക്ക് വിലയില്ല
ഒറ്റ, ഇരട്ട സംഖ്യകളിൽ അവസാനിക്കുന്ന വള്ളങ്ങളും ബോട്ടുകളും ഒന്നിടവിട്ട ദിവസങ്ങളിലേ കടലിൽ പോകാവൂയെന്ന വ്യവസ്ഥയിലാണ് ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ അടച്ച ഹാർബറുകൾ ഇടയ്ക്ക് തുറന്നത്. ബോട്ടിലും വള്ളങ്ങളിലും പോകുന്ന തൊഴിലാളികളുടെ എണ്ണവും കൃത്യമായി ഫിഷറീസ് സ്റ്റേഷനിൽ കൈമാറണമെന്നും നിബന്ധനയുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ ഇതൊക്കെ ഒരുപരിധി വരെ പാലിച്ചെങ്കിലും കഴിഞ്ഞയാഴ്ച മുതൽ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി. വ്യാഴാഴ്ച ശക്തികുളങ്ങര ഹാർബർ അടച്ചതോടെ ബോട്ടുകളും നീണ്ടകര അടുപ്പിച്ച് വൻജനത്തിരക്കായി. ഈ സാഹചര്യത്തിലാണ് നീണ്ടകര ഹാർബറും വെള്ളിയാഴ്ച അടച്ചത്.
റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
തമിഴ്നാട്ടിൽ നിന്ന് ധാരാളം തൊഴിലാളികൾ ജില്ലയിലേക്ക്
പലരും എത്തുന്നത് ഹോട്ട് സ്പോട്ടുകളിൽ നിന്ന്
പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക് പോസ്റ്റ് കടക്കുന്നു
ചെറുവള്ളങ്ങളിൽ കടൽമാർഗവും തൊഴിലാളികൾ
താമസ സൗകര്യം ഇല്ലാത്തതിനാൽ തമ്പടിക്കുന്നത് തീരത്ത്
തീരദേശവാസികളുമായി നിരന്തര സമ്പർക്കം
സംഘം ചേർന്നുള്ള മദ്യപാനവും പതിവ്
ഇനിയും കൂടുതൽപേരെത്താൻ സാദ്ധ്യത