vijayasenan
വിജയസേനൻ

അഞ്ചൽ: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സൂരജിനൊപ്പം അയാളുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന നിലപാടിലുറച്ച് ഉത്രയുടെ അച്ഛൻ വിജയസേനൻ. മരണവിവരം അറിഞ്ഞ് വീട്ടിലെത്തിയ സൂരജിന്റെ കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ അന്നേ ശ്രദ്ധയിൽ പെട്ടിരുന്നു. രണ്ട് മാസത്തിനിടെ രണ്ട് തവണ പാമ്പ് കടിയേറ്റിട്ടും മകൾ അറിയുകയോ വേദന അനുഭവപ്പെടുകയോ ചെയ്തില്ലെന്നതിലും സംശയം ഉണ്ടായിരുന്നു.

ഉത്രയ്ക്ക് പാമ്പ് കടിയേറ്റ ദിവസം രാത്രി സൂരജ് മുറിക്ക് പുറത്തേക്ക് പലപ്രാവശ്യം പരിഭ്രാന്തിയോടെ ഇറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റാണ് മരിച്ചതെന്നുറപ്പായത്. മുറി പരിശോധിക്കവെ പാമ്പ് കിടന്നിടം കൃത്യമായി സൂരജ് ഉത്രയുടെ സഹോദരൻ വിഷുവിന് കാട്ടിക്കൊടുത്തു. പാമ്പിനെ വിഷു അടിച്ച് കൊല്ലുമ്പോൾ സൂരജ് മുറിക്ക് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ തന്നെ സംശയങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

അഞ്ചൽ പൊലീസിൽ പരാതി നൽകിയശേഷം സൂരജിന്റെ മൊഴിയെടുക്കവേ ബാഗിൽ കൊണ്ടു വന്ന കുപ്പി എവിടെയെന്ന് എസ്.ഐ പുഷ്പകുമാർ ചോദിച്ചപ്പോൾ സൂരജ് ഞെട്ടുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. റൂറൽ എസ്.പിക്ക് പരാതി നൽകിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും വിജയസേനൻ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.