goonda

 പുത്തൻ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നു

കൊല്ലം: കടപ്പാക്കടയിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ നഗരത്തിൽ പൊലീസ് ജാഗ്രത തുടരുന്നു. രണ്ടിന് രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗർ 51ൽ കിച്ചു എന്ന് വിളിക്കുന്ന ഉദയകിരൺ (25) അടുത്ത ദിവസം പുലർച്ചെ ആശുപത്രിയിലാണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ആശ്രാമം ലക്ഷ്‌മണനഗർ 31ൽ മൊട്ട വിഷ്‌ണു എന്ന് വിളിക്കുന്ന വിഷ്‌ണു (34) ഉൾപ്പെടെ നാല് പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൊട്ട വിഷ്ണു കാപ്പ ആക്ട് പ്രകാരം മുമ്പ് മൂന്ന് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയത്. വിഷ്ണുവിനെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.

ഉദയകിരൺ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കം ആശ്രാമത്ത് വിഷ്ണുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് കൂടുതൽ ജാഗ്രത കാട്ടിയത്. ഏറെക്കാലത്തിന് ശേഷമാണ് നഗരത്തിൽ ഗുണ്ടാ ആക്രമണവും കൊലപാതകവും ഉണ്ടായത്. അടുത്ത കാലത്ത് ഗുണ്ടാ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ യുവാക്കളുടെ പട്ടിക പൊലീസ് തയ്യാറാക്കുകയാണ്. ഇത്തരക്കാരെയെല്ലാം നിരീക്ഷണത്തിലാക്കുകയാണ് ലക്ഷ്യം.