അഞ്ചൽ: സ്കൂൾ തുറക്കാൻ കഴിയാത്തതിനാൽ ഓൺലൈൻ ക്ലാസ് ആരംഭിച്ച സാഹചര്യത്തിൽ വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത സഹോദരങ്ങൾക്ക് എ.ഐ.വൈ.എഫ് പ്രവർത്തകർ ടി.വി വാങ്ങി നൽകി. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂരിൽ വാടക വീട്ടിൽ താമസിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി ഹിസാനയ്ക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തസ്ളീമയ്ക്കുമാണ് സഹായം ലഭിച്ചത്. സ്വന്തമായി വീടോ പുരയിടമോ ഇല്ലാത്ത കുട്ടികളും അമ്മയും വല്യമ്മയും അടങ്ങുന്ന കടുംബം വാടകവീട്ടിലാണ് കഴിഞ്ഞു വരുന്നത്. മാതാവ് സുമി ഒരു സ്വകാര്യ ടെക്സ്റ്റയിൽസ് ഷോറൂമിൽ ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. വിവരമറിഞ്ഞ എ.ഐ.വൈ.എഫ് പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാലിനെ അറിയിക്കുകയും വിദേശത്തുള്ള സുഹൃത്തായ ഷാജി തോമസിന്റെ സഹായത്തോടെ ടി.വി വാങ്ങി നൽകുകയുമായിരുന്നു. ടി.വി കൈമാറ്റ ചടങ്ങിൽ എ.ഐ.വൈ.എഫ് ഇടമുളയ്ക്കൽ മേഖലാ പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ കുട്ടികൾക്ക് ടി.വി കൈമാറി. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ആർ. ശിവലാൽ, ഗ്രാമ പഞ്ചായത്തംഗം അനിലാ ഷാജി, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വി. അജിവാസ്, ഷൈജു എബ്രഹാം, എ. ശ്രീജു, എസ്. അഖിൽ എന്നിവർ പങ്കെടുത്തു.