കടയ്ക്കൽ: നിർദ്ധന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടൽ. കടയ്ക്കൽ പഞ്ചായത്തിൽ കാരയ്ക്കാട് വാർഡ് ചെന്നിലം തോട്ടുംകര വീട്ടിൽ ബിജുവിന്റെ സഹോദരിയുടെ മകളാണ് ഒൻപതാം ക്ളാസുകാരിക്കാണ് ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ ടി.വി എത്തിച്ച് നൽകിയത്.
കെ.എസ്.ഇ.ബി കരാർ ജോലിക്കിടെ അപകടത്തിൽപ്പെട്ട് കിടപ്പുരോഗിയായ ബിജു അവിവാഹിതനാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ സഹോദരി ബിന്ദുവാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നത്. നിർദ്ധനരായ ഇവരുടെ ബുദ്ധിമുട്ട് ബിജുവിന്റെ തിരുവന്തപുരത്തുള്ള ബന്ധുവഴി ഉമ്മൻചാണ്ടിയെ അറിയിച്ചു. അദ്ദേഹം കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി. സിബിയെ കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇദ്ദേഹം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വെള്ളാർവട്ടം ശെൽവനുമായി ബന്ധപ്പെടുകയും കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ പുതിയ ടി.വി വാങ്ങി നൽകുകയുമായിരുന്നു. ബിജുവിന്റെ കുടുംബത്തിനെ വീഡിയോ കോൾ വഴി ആശ്വസിപ്പിക്കാനും ഉമ്മൻചാണ്ടി മറന്നില്ല.