ശാസ്താംകോട്ട: കൊല്ലം റൂറൽ വനിതാ സെൽ സി.ഐയെ ഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി വടക്കേമുറി ചാത്താംകുളം വീനസ് ഭവനിൽ വീനസ് കുമാറാണ് (38) പിടിയിലായത്. പ്രതി മുൻ കാമുകിയെ നിരന്തരം ശല്യപ്പെടുത്തുന്നത് സംബന്ധിച്ച് ഇവർ കൊല്ലം വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സി.ഐ പ്രതിയെ ഫോണിൽ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി സി.ഐയെ ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് സി.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.