കൊല്ലം: ചലച്ചിത്രം പോലെ കുട്ടികളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ക്ലാസ് അനുഭവങ്ങൾ രണ്ടാം വാരത്തിലേക്ക്. കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളും ക്ലാസുകളിലെത്തിയതാണ് പ്രധാന പ്രത്യേകത. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. രാത്രി ഏഴ് മുതൽ 9 വരെ പ്ലസ് ടു ക്ലാസുകളുടെയും ശനി, ഞായർ ദിവസങ്ങളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളുടെ പുനസംപ്രേഷണവും നടക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോളേജുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ. ഇത് റെക്കോർഡ് ചെയ്‌ത് കോളേജുകളുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. സ്വകാര്യ സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ സ്കൂളുകൾ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി പ്രത്യേക സോഫ്‌ട്‌വെയറുകളുടെ സഹായത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്. കാലവർഷത്തിലെ വൈദ്യുതി തടസം, മൊബൈൽ നെറ്റ് വർക്കുകളുടെ റേഞ്ച് കുറവ് എന്നിവയാണ് വെല്ലുവിളികുന്നത്.
ക്ലാസിന് പുറത്തും കുട്ടികൾ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെയും പട്ടികവിഭാഗങ്ങളിലെയും വലിയൊരു ശതമാനം കുട്ടികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്തവരാണ്.
ആദിവാസി വിഭാഗങ്ങളിൽ ന്യൂനപക്ഷത്തിന് മാത്രമാണ് ഓൺലൈനിലൂടെ പഠിക്കാൻ അവസരം. എല്ലാവർക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയില്ലെങ്കിൽ പുതിയ പഠനരീതി സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് അപ്രാപ്യമാകുമെന്ന് ആശങ്കയുണ്ട്. കോളേജുകളിലെ ഓൺലൈൻ ക്ലാസുകളുകൾക്ക് ഹാജർ നിർബന്ധമാക്കരുത്, ഇന്റേണൽ മാർക്കിന് മാനദണ്ഡമാക്കരുത് തുടങ്ങിയ ആവശ്യങ്ങൾ വിദ്യാർത്ഥി സംഘടനകളും ഉന്നയിക്കുന്നു.
ടി.വി ചലഞ്ചുമായി നാടൊന്നിക്കുന്നു
ടി.വിയും സാങ്കേതിക സൗകര്യങ്ങളുമില്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ പോകുന്ന കുട്ടികളെ സഹായിക്കാൻ നാടൊന്നാകെ രംഗത്തിറങ്ങി. ടി.വി ചലഞ്ചെന്ന ആശയവുമായി ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച, എസ്.എഫ്.ഐ തുടങ്ങി വിവിധ യുവജന- വിദ്യാർത്ഥി സംഘടനകളും ഗ്രാമീണ കൂട്ടായ്‌മകളും മുന്നോട്ടുവന്നു. നൂറുകണക്കിന് കുട്ടികൾക്കാണ് ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ പഠന സൗകര്യമൊരുങ്ങിയത്.
കാര്യങ്ങൾ ഇങ്ങനെയാണ് ഭായി.....
1. ഓൺലൈൻ ക്ലാസുകളിൽ രക്ഷിതാക്കളും ഹാജർ
2. വൈദ്യുതി തടസവും നെറ്റ് കവറേജ് ഇല്ലാത്തതും വെല്ലുവിളി
3. ടി.വിയും സ്‌മാർട്ട് ഫോണും ഇല്ലാത്ത നിരവധി കുട്ടികൾ
4. ആദിവാസി മേഖലയിൽ ഓൺലൈൻ സൗകര്യങ്ങൾ പേരിന് മാത്രം
5. കുട്ടികളുടെ സഹായിക്കാൻ ടി.വി ചലഞ്ചുമായി സംഘടനകൾ
6. ട്യൂഷൻ - കോച്ചിംഗ് സെന്ററുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു
7. കൊവിഡ് കാലത്തെ പുതിയ പഠന രീതിക്ക് സ്വീകാര്യത
8. കോളേജ് ക്ലാസുകളിലെ ഹാജർ ഇന്റേണർ മാർക്കിന് മാനദണ്ഡമാക്കരുതെന്ന് ആവശ്യം
............................................
കോളേജുകളിലെ ഓൺലൈൻ ക്ലാസുകളിൽ ഹാജർ ഉറപ്പാക്കാനുള്ള സൗകര്യം എല്ലാവർക്കുമില്ല. ഓൺലൈൻ ക്ലാസ് ഇന്റേണൽ മാർക്കിന് മാനദണ്ഡമാക്കരുത്.
അനന്തു കൃഷ്ണൻ, വിദ്യാർത്ഥി, ചവറ
പഠന സമയം: രാവിലെ 8.30 - വൈകിട്ട് 5.30
പ്ലസ് ടു ക്ലാസുകളുടെ പുനസംപ്രേക്ഷണം: രാത്രി 7-9
1-10 ക്ളാസുവരെയുള്ളവർക്ക്: ശനി, ഞായർ പുനസംപ്രേക്ഷണം